ചിലത് ഒരു തരത്തിലും പാപം ചെയ്യാത്ത ഞങ്ങളുടെ പിടലിയില്‍ വന്നു വീഴുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സാമൂഹ്യനീതിയലധിഷ്ടിതമായ സര്‍വതല വികസനമാണ് സര്‍ക്കാര്‍ നടത്തിയത് - ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഞങ്ങളെ കര്‍മോത്സുകരാക്കുന്നു - കിഫ്ബി വഴി 50000 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തും 
ചിലത് ഒരു തരത്തിലും പാപം ചെയ്യാത്ത ഞങ്ങളുടെ പിടലിയില്‍ വന്നു വീഴുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയവര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ അവരുടെ പിന്തുണയില്‍ സന്തുഷ്ടരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ അധികാരമേറ്റ നാള്‍ മുതല്‍ തുടങ്ങിയതാണ്. അതിന്റെ അസംതൃപ്തി മറയില്ലാതെ പ്രകടിപ്പിക്കുന്നുമുണ്ട്. ജനനന്മ കണക്കാക്കി ചെയ്യുന്ന കാര്യങ്ങള്‍ക്ക് പോലും ആക്ഷേപം ചൊരിയുകയാണ്. സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച ജനവിഭാഗങ്ങള്‍ ഇങ്ങനെ പോരായിരുന്നു. ഇതു കുറച്ചുകൂടി വേഗത്തിലാക്കാമായിരുന്നു എന്ന് തുടങ്ങിയ ആരോഗ്യകരമായ വിമര്‍ശനം ഉയര്‍ത്തുന്ന ഒരുതരത്തിലും നശീകരണ ചിന്തയില്ലാത്ത നശീകരണ വാസനയില്ലാത്ത ഒരു വിഭാഗം ഉണ്ട്. മറ്റൊരു ഭാഗം ഇതില്‍പ്പെടാത്തവരാണ്. ആരോഗ്യമായ വിമര്‍ശനങ്ങള്‍ ഞങ്ങളെ കര്‍മോത്സുകരക്കാന്‍ വഴിവെക്കുക. അത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഉത്തേജമാകും, അതേസമയം നശീകരണരീതിയില്‍ സമീപിക്കുന്നവരോട് ഒന്നേ പറയാനുള്ളു. ഞങ്ങള്‍ക്ക് ഒരു തകര്‍ച്ചയും ഉണ്ടാക്കാന്‍ നിങ്ങള്‍ക്കാവില്ല. ശരിയായ രീതിയില്‍ മുന്നോട്ട് പോകാനുള്ള വാശിയുണ്ടാക്കും എന്നേ പറയാനുള്ളൂ. 

അധികാരമേറുന്നതിന് മുമ്പ് തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ഞങ്ങള്‍ പരസ്യമായി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലുണ്ടായ പ്രകടനപത്രിക സ്വയംഭൂവായി ഒരു ദിവസം ഉണ്ടായതല്ല. എല്‍ഡിഎഫിന്റെ ഭാഗമായുള്ള ആളുകള്‍ ഒന്നിച്ചിരുന്ന് തയ്യാറാക്കിയത് കഴിഞ്ഞ കാലത്തിന്റെ പ്രശ്‌നങ്ങള്‍ വിലയിരുത്തിക്കൊണ്ട് നമ്മുടെ നാട് എങ്ങനെ പോകണമെന്നതിന്റെ  അഭിപ്രായസമന്വയമായിരുന്നു. പ്രകടന പത്രികയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സമഗ്രമായ വികസനത്തിന്റെ ഭാഗമായി സാമൂഹ്യനീതിയിലധിഷ്ഠിതമായ സര്‍വതല വികസനമാണ് സര്‍ക്കാര്‍ നടത്തിയത്. 

2011 - 16 കാലഘട്ടം നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ജീര്‍ണമായ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവന്ന കാലമായിരുന്നു. എന്തൊക്കെ നടക്കാന്‍ പാടില്ലായിരുന്നോ അതൊക്കെ നടക്കുന്ന സാഹചര്യമായിരുന്നു. അത് കേരളത്തിനുണ്ടാക്കിയ അപചയം ചെറുതല്ല. നിലവിലെ നിയമം, ചട്ടങ്ങള്‍ എന്നിവയൊന്നും അവര്‍ക്ക് ബാധകമല്ലായിരുന്നു. അതിന്റെ ഭാഗമായി ഇവിടുത്തെ സിസ്റ്റം തന്നെ തകര്‍ന്നുപോയി. ആ ആവസ്ഥ ഭീകരമായിരുന്നു. അതിനിടയാക്കിയത് വഴിവിട്ട നീക്കങ്ങളായിരുന്നു. 

ചിലത് ഒരു തരത്തിലും പാപം ചെയ്യാത്ത ഞങ്ങളുടെ പിടലിയില്‍ വന്നു വീഴുകയായിരുന്നു. ആ പിടലിക്ക് വന്നതിനെ സര്‍ക്കാരിന്റെ രീതികള്‍വെച്ച് തട്ടിമാറ്റാനാകില്ല. എല്‍ഡിഎഫിന് നിലപാടുകള്‍ ഇല്ലാത്തതുകൊണ്ടോ, വ്യക്തിപരമായി നിലപാടുകള്‍ ഇല്ലാത്തത് കൊണ്ടോ അല്ല അങ്ങനെ വന്നതും ഞങ്ങള്‍ പേറേണ്ടതായ സ്ഥിതി വിശേഷങ്ങള്‍ ഉണ്ടായെന്നും പിണറായി പറഞ്ഞു.  

ദേശീയ പാതകള്‍ വികസിപ്പിക്കും. ദേശീയ ജലപാത കേരളത്തിന്റെ സ്വപ്‌നമാണ്. തിരുവനന്തപുരം - കാസര്‍ഗോഡ് ജലപാതയും മലയോര ഹൈവേയും സമയബന്ധിതമായി പൂര്‍ത്തിയാക്കും. കാര്‍ഷിക മേഖലയില്‍ വലിയ രീതിയില്‍ ഇടപെടാനും സര്‍ക്കാരിനായി. നെല്ല് കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം വര്‍ധിപ്പിക്കാനായി.  പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാനും സര്‍ക്കാരിനായി. സമ്പൂര്‍ണ വെളിയിട വിമുക്ത സംസ്ഥാനമായി മാറാനും കേരളത്തിന് കഴിഞ്ഞു. സമ്പൂര്‍ണ വൈദ്യൂതികരണം നേടാനായത് നമ്മുടെ സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തിലേറിയതുകൊണ്ടാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന സഹോദരിമാര്‍ക്ക് മാസങ്ങളായി കൂലിയില്ല. എങ്ങനെ ജീവിക്കും. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈക്ക് കെട്ടിയിട്ടിരിക്കുകയാണ്. മുന്‍പ് സംസ്ഥാന സര്‍ക്കാരിന് ആ പണം കൊടുക്കാമായിരുന്നു. എന്നാല്‍ ഇന്ന് അതിന് കഴിയില്ല. ഇന്ന് പണിക്കാരന്റെ അക്കൗണ്ടിലേ വരൂ. ഈ ആഴചയില്‍ പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇല്ലെങ്കില്‍ പണം കൊടുക്കാനുള്ള അനുവാദം സര്‍ക്കാരിന് നല്‍കണം. ഇക്കാര്യത്തില്‍ കേന്ദ്രം മനുഷ്യത്വമില്ലാത്ത നടപടിയാണ് സ്വീകരിക്കുന്നത്. പണം പിന്നീട് സംസ്ഥാനത്തിന് നല്‍കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയാല്‍ സര്‍ക്കാര്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് പണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com