കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th May 2017 06:48 PM |
Last Updated: 26th May 2017 06:56 PM | A+A A- |

തിരുവനന്തപുരം: കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ മതങ്ങളും വിവിധ സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ ജനാധിപത്യത്തിന്റെ അന്ത:സത്ത ബഹുസ്വരതയാണ്. എന്നാല്‍ അതിന് വിരുദ്ധമായ നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മു്‌ന്നോട്ട് പോകുന്നത്. ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, നിരോധനം കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങള്‍ക്കും ബാധകമാണ്.
രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷണത്തിനായി ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീത കാലം മുതല്‍ മാംസ ഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണ് മാംസമെന്നതും കാണേണ്ടതാണ്. അതുകൊണ്ടുതന്നെ, ഇത് പാവങ്ങള്‍ക്കെതിരായ കടന്നാക്രമണമാണ്. ഇത്തരം അപരിഷ്‌കൃതമായ നടപടികള്‍ക്ക് എതിരെ രാജ്യവ്യാപകമായി ജനരോഷം ഉയര്‍ന്നുവരണം. ഇന്ന് കന്നുകാലികള്‍ക്കാണ് നിരോധനമെങ്കില്‍ മത്സ്യം കഴിക്കുന്നതിനും നിരോധനം വരും.
രാജ്യത്തിനാകെ ബാധകമായ നിരോധനം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്രം തയ്യാറാകേണ്ടതായിരുന്നു. കാരണം, സംസ്ഥാനങ്ങള്‍ക്ക് പല സവിശേഷതകളുമുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. നമ്മുടെ ഫെഡറല്‍ സംവിധാനം തന്നെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാക്കും. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലെ തുകല്‍ വ്യവസായത്തിന് അസംസ്‌കൃത സാധനം കിട്ടാതാകും. 25 ലക്ഷത്തിലധികം പേര്‍ തുകല്‍ വ്യവസായത്തില്‍ പണിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ, ഈ നിരോധനം പാവപ്പെട്ട ജനങ്ങളെയാകെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കന്നുകാലികളെ കൊണ്ടുപോകന്നവര്‍ക്കെതിരെ സംഘപരിവാറുകള്‍ അടുത്ത കാലത്ത് വലിയ ആക്രമണം അഴിച്ചുവിട്ടിരുന്നു. അത്തരം അക്രമങ്ങള്‍ തടയുന്നതിന് പകരം കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറായതില്‍ നിന്ന് ഭരണത്തിന്റെ നിയന്ത്രണം ആര്‍എസ്എസിനാണെന്ന് ഒന്നുകൂടി വ്യക്തമായതായി മുഖ്യമന്ത്രിപറഞ്ഞു.