പിന്‍വലിച്ച ചിത്രങ്ങളും, പുതിയ ചിത്രങ്ങളും മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കി;  വിതരണക്കാരുടെ സമരം പൊളിഞ്ഞു

തിയേറ്റര്‍ വിഹിതത്തെച്ചൊല്ലി മലയാള സിനിമകള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കാതെയിരുന്ന സമരം പൊളിഞ്ഞു -  പിന്‍വലിച്ച സിനിമകളും പുതിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാരുടെ തീരുമാനം
പിന്‍വലിച്ച ചിത്രങ്ങളും, പുതിയ ചിത്രങ്ങളും മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കി;  വിതരണക്കാരുടെ സമരം പൊളിഞ്ഞു

കൊച്ചി: തിയേറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മലയാള സിനിമകള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കാതെയിരുന്ന സമരം പൊളിഞ്ഞു. പുതിയ മലയാള ചിത്രമായ ഗോദ മള്‍ട്ടിപ്ലെക്‌സുകളില്‍ നല്‍കി തുടങ്ങി. വി.കെ പ്രകാശിന്റെ ഇന്ന് റിലീസായ കെയര്‍ഫുള്ളും മള്‍ട്ടിപ്ലക്‌സുകളില്‍ എത്തിയിട്ടുണ്ട്. വരുമാന നഷ്ടമാണ് ഈ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെ മള്‍ട്ടിപ്ലക്‌സ് ബഹിഷ്‌കരണ സമരത്തില്‍ നിന്നും പിന്‍മാറുവാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ഗോദ പുറത്തിറങ്ങിയത്. തിയറ്റര്‍ വിഹിതം കുറവാണെന്ന് പറഞ്ഞാണ് നിര്‍മ്മാതാക്കളും വിതരണക്കാരും സംസ്ഥാനത്തെ പ്രമുഖ മള്‍ട്ടിപ്ലെക്‌സുകളില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിച്ചത്. മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കമ്പനികളായ പി.വി.ആര്‍, സിനിപോളീസ്, ഇനോക്‌സ് എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിനിമകളാണ് പിന്‍വലിച്ചത്.  എന്നാല്‍ ഇത് വലിയ നഷ്ടം ഇപ്പോള്‍ തിയറ്ററിലുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാക്കിയതോടെയാണ് അവര്‍ തീരുമാനം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രം റിലീസ് ചെയ്യുമ്പോള്‍ ആദ്യ ആഴ്ചയില്‍ ലഭിക്കുന്ന കളക്ഷന്റെ 60 ശതമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കണമെന്നായിരുന്നു തിയേറ്റര്‍ ഉടമകളുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍. രണ്ടാമത്തെ ആഴ്ചയില്‍ 55 ശതമാനവും മൂന്നാമത്തെ ആഴ്ചയില്‍ 45 ശതമാനവും നാലമത്തെ ആഴ്ചയില്‍ 40 ശതമാനവും നല്‍കണം. തിയേറ്റര്‍ ഉടമകള്‍ കരാര്‍ പാലിക്കുന്നുണ്ടെങ്കിലും മള്‍ട്ടിപ്ലക്‌സുകള്‍ ഇത് പാലിക്കുന്നില്ലെന്നാണ് പരാതി. 40 ശതമാനമാണ് സിനിമകള്‍ പിന്‍വലിച്ച മള്‍ട്ടിപ്ലക്‌സുകള്‍ നല്‍കുന്നത്. ആറുമാസമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ തയാറായില്ലെന്നായിരുന്നു വിതരണക്കാരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com