ഞാന്‍ ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല; കെ സുരേന്ദ്രന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രന്‍ വേവലാതിപ്പെടേണ്ട
ഞാന്‍ ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല; കെ സുരേന്ദ്രന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യാമായി ഗോമാംസം കഴിച്ച് ലക്ഷക്കണക്കിന് വിശ്വാസികളെ ദുഖത്തിലാക്കി എന്ന ഫേസ്ബുക്കില്‍ പറഞ്ഞ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് കടുത്ത മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഞാന്‍ ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന പറഞ്ഞ് തടിതപ്പാറില്ലെന്ന് കടകംപള്ളി കെ സുരേന്ദ്രനെ പരിഹസിച്ചു. താന്‍ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിക്കുന്ന ചിത്രവും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്‌.

കേരളത്തില്‍ ഗോഹത്യ നടത്തുന്നുവെന്ന തരത്തില്‍ ഉത്തരേന്ത്യയില്‍ ഗോഹത്യ നടത്തിയതിന്റെ ചിത്രത്തിനോടൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കെ സുരേന്ദ്രന്‍ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. 

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: 

ബീഫ് എന്നാല്‍ പശുവിറച്ചി എന്നത് സംഘ പരിവാര്‍ പ്രചാരണമാണ്. കാളയും പോത്തുമെല്ലാം മാട്ടിറച്ചി അഥവാ ബീഫ് എന്ന് തന്നെയാണ് അറിയപ്പെടുന്നത്. കറവ വറ്റിയ പശുക്കളെ ഇറച്ചിക്കായി ഉപയോഗിക്കാറുണ്ട്. ഇവിടെ ബീഫ് എന്നാല്‍ ഗോമാംസം എന്ന് മാത്രം പ്രചരിപ്പിക്കുകയാണ് കെ. സുരേന്ദ്രനും കൂട്ടരും. ജാതി മത വ്യത്യാസമില്ലാതെ മലയാളികള്‍ ബീഫ് കഴിക്കാറുണ്ട്. ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രന്‍ വേവലാതിപ്പെടേണ്ട. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല ഞാന്‍. ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കായാണ് ഞങ്ങള്‍ പ്രതിരോധ പ്രക്ഷോഭം നടത്തുന്നത്. ബിജെപി
ഇപ്പോള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു മാര്‍ക്കറ്റില്‍ മാടുകളെ പരസ്യമായി കഴുത്തറത്തിട്ടിരിക്കുന്ന ചിത്രം കേരളത്തിലെ ചിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം സംഘപരിവാരവും കെ.സുരേന്ദ്രനും നടത്തുന്ന നുണപ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഞങ്ങള്‍ ശരിയുടെ പാതയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങളുടെ ഓരോ നുണയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com