"പുലച്ചോന്മാരെ പഴിപറഞ്ഞ" മിശ്രഭോജനത്തിന് നൂറ് വയസ് 

ദൈവകല്‍പിതങ്ങളെ ചോദ്യം ചെയ്ത് സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ വാളെടുത്ത വിപ്ലവ ചിന്തകളില്‍ നിഷേധിയായ കെ.അയ്യപ്പന്റെ മിശ്രഭോജനം സൃഷ്ടിച്ച പ്രകമ്പനം ചെറുതായിരുന്നില്ല
"പുലച്ചോന്മാരെ പഴിപറഞ്ഞ" മിശ്രഭോജനത്തിന് നൂറ് വയസ് 

നവോത്ഥാന നായകന്മാര്‍ ഉഴുതുമറിച്ച മണ്ണാണ് കേരളത്തിന്റേത്. ഈ മണ്ണില്‍ വിളവെടുത്തായിരുന്നു ഇന്നീ കാണുന്ന പ്രബുദ്ധ കേരളത്തിലേക്കുള്ള മലയാളികളുടെ വളര്‍ച്ച. 'ദൈവകല്‍പിത'ങ്ങളെ ചോദ്യം ചെയ്ത് സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ വാളെടുത്ത വിപ്ലവ ചിന്തകളില്‍, നിഷേധിയായ കെ.അയ്യപ്പന്റെ മിശ്രഭോജനം സൃഷ്ടിച്ച പ്രകമ്പനം ചെറുതായിരുന്നില്ല. 

മേല്‍ജാതിക്കാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്നിരുന്ന തൊട്ടുകൂടാത്തവരെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തരാക്കുന്നതിനായി അയ്യപ്പന്റെ മനസില്‍ ഉരുണ്ടുകൂടിയ ചിന്തകളുടെ ഫലമായിരുന്നു ജന്മദേശമായ ചെറായിയില്‍ 1917 മെയ് 29ന് മിശ്രഭോജനത്തിലേക്കെത്തിച്ചത്. 

ചെറായിലെ തുണ്ടടിപറമ്പ് എന്ന സ്ഥലത്ത് പന്ത്രണ്ട് ഈഴവ യുവാക്കളും, പുലയ സമുദായത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളുമായി സഹോദരന്‍ അയ്യപ്പന്‍ സമൂഹത്തെയാകെ ഞെട്ടിച്ചു. അന്ന് മിശ്രഭോജനത്തിനെതിരെ ഉറഞ്ഞു തുള്ളിയ ഈഴവരുള്‍പ്പെടെയുള്ള മതസ്ഥരുയര്‍ത്തിയ വെല്ലുവിളികളുടെ അതിജീവനമായിരുന്നു ജാതിയതയിലൂന്നിയ അനാചാരങ്ങളില്‍ നിന്നും നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തെ തല ഉയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കുന്നത്. 

ഇവിടെ ഇലനുറുക്കില്‍ പുലയര്‍ വിളമ്പിയ ഭക്ഷണം ഇഴവരും പുലയരും കൂടിക്കലര്‍ന്നിരുന്ന് കഴിച്ചതിന് പിന്നാലെ, ഊരുവിലക്കും, പുലവച്ചോനെന്ന വിളിയും ചാണകമേറുമൊക്കെയായിരുന്നു സഹോദരനയ്യപ്പനെ തേടിയെത്തിയത്. എന്നാല്‍ ഈഴവര്‍ മനുഷ്യരാകണമെങ്കില്‍ അവരാദ്യം പുലയരാകണം എന്ന നാരായണ ഗുരുവിന്റെ വാക്കുകള്‍ മുന്നില്‍ നിര്‍ത്തി പോരാടാനിറങ്ങിയ കെ.അയ്യപ്പനെ ഇതൊന്നും തളര്‍ത്തിയില്ല.

 മിശ്രഭോജനത്തിന് ശേഷം കോമരം തുള്ളിയെത്തിയ സമൂഹത്തെ കുറിച്ച് സംഘചരിതം എന്ന ഓട്ടന്‍ തുള്ളലില്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതിയത് ഇങ്ങനെ,

"ഇളകിമറിഞ്ഞിതു പിറ്റേ ദിവസം
ജനതയശേഷം ബഹളം ബഹളം!
പുലയരൊടീഴവരൊരുമിച്ചുണ്ടത്
ശരിയല്ലെന്നു ശഠിച്ചു ജനങ്ങള്‍.
ചന്തകള്‍ ബോട്ടുകളടിയന്ത്രങ്ങള്‍
വണ്ടികളെന്നിവയീവാദത്തില്‍
രംഗമതായതു, രണ്ടാളൊക്കില്‍
ചൊല്ലാനുള്ളൊരു വാര്‍ത്തയിതായി.
കെട്ടിയണിഞ്ഞഥ ചെത്താന്‍ കയറും
കുട്ടിച്ചേട്ടന്‍ പാതിത്തെങ്ങില്‍
ഇഴജന്തുപ്പടി താഴെ നോക്കി 
പഴിപറയുന്നു പുലച്ചോന്മാരെ"

ഗുരുവിന്റെ വാക്കുകളെ പോലും തിരുത്തിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍ സാമൂഹിക മാറ്റത്തിനായി പോരാടിയത്. ഇതിന് ഉദാഹരണമായിരുന്നു ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ ശക്തമായ വരികള്‍ അയ്യപ്പന്‍ തിരുത്തി എഴുതിയത്.

‘ജാതി വേണ്ട, മതം വേണ്ട
ദൈവം വേണ്ട, മനുഷ്യനു
വേണം ധര്‍മം, വേണം ധര്‍മം
വേണം ധര്‍മം യഥോചിതം.’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com