വിഴിഞ്ഞത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം, രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്ന് വിഡി സതീശന്‍

കരാര്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന് കത്തു നല്‍കി
വിഴിഞ്ഞത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം, രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം. കരാര്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന് കത്തു നല്‍കി. സതീശന്റെ നീക്കത്തിനു പിന്നില്‍ കൂടുതല്‍ നേതാക്കളുണ്ടെന്നാണ് സൂചന. അതേസമയം ഇതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എംഎം ഹസന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി കണ്ടെത്തല്‍ രാഷ്ട്രീയകാര്യ സമിതി വിശദമായ ചര്‍ച്ച ചെയ്യണമെന്നാണ് വിഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി അടിയന്തരമായി രാഷ്ട്രീയകാര്യ സമിതി ചേരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയകാര്യ സമിതി കൃത്യമായ ഇടവേളകളില്‍ ചേരുന്നതാണെന്നും ഉടന്‍ തന്നെ അടുത്ത യോഗം ചേരുമെന്നും എംഎം ഹസന്‍ അറിയിച്ചു. ഏതെങ്കിലും കത്തിന്റെ അടിസ്ഥാനത്തിലല്ല ഇതെന്നും ഹസന്‍ പറഞ്ഞു. വിഴിഞ്ഞത്തില്‍ സതീശന്റെ കത്തു കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഹസന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എല്ലാ രാഷ്ട്രീയ സംഭവ വികാസങ്ങളും സമിതി ചര്‍ച്ച ചെയ്യുമെന്നും കത്തികിട്ടിയാലും ഇല്ലെങ്കിലും വിഴിഞ്ഞം ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ പറഞ്ഞു.

വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോര്‍ട്ട് ചെറിയൊരു ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസില്‍ ഗ്രൂപ്പു പോര് മുറുകാന്‍ കാരണമാവുന്നതായാണ് സൂചനകള്‍. സതീശന്റെ നീക്കത്തിനു പിന്നില്‍ കൂടുതല്‍ നേതാക്കള്‍ക്കു പങ്കുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വിഴിഞ്ഞം കരാര്‍ പൂര്‍ണമായും തന്റെ ഉത്തരാവാദിത്വത്തില്‍ ചെയ്തതാണെന്നും അതിന്റെ ബാധ്യത തനിക്കു മാത്രമാണെന്നും ഉമ്മന്‍ ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ച ആവശ്യപ്പെട്ട് സതീശന്‍ രംഗത്തുവന്നിരിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് അത്യന്തം ഗൗരവമുള്ളതാണ് എ്ന്നായിരുന്നു മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com