ബാറുകളിലും പാര്‍ലറുകളിലും ഇനി സ്ത്രീകളും മദ്യം വിളമ്പും

representative image
representative image

കൊച്ചി: സംസ്ഥാന ബീവറേജ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ മദ്യം എടുത്തുകൊടുക്കുന്നതിനും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവയില്‍ വെയ്റ്റര്‍മാരാകുന്നതിനും സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കാന്‍ എക്‌സൈസ് വകുപ്പ് പദ്ധതിയിടുന്നു. കേരള അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ നിയമം 2002, 1953ലെ വിദേശ മദ്യ നിയമം എന്നിവയില്‍ ഭേദഗതി വരുത്താനാണ് എക്‌സൈസ് വകുപ്പ് ആലോചിക്കുന്നത്.

ബാര്‍ ഹോട്ടലുകള്‍, ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍, ബീവറേജ് ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് നിയന്ത്രണമുള്ളതാണ് ഈ രണ്ട് നിയമങ്ങളും. എക്‌സൈസ് വകുപ്പ് പുതിയ നിര്‍ദേശം സര്‍ക്കാരിന്റെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കും.

വിദേശ മദ്യ നിയമത്തിലെ 9A, 16, 20, 27A എന്നിവയും അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ നിയമത്തിലെ 37ആം വകുപ്പും പ്രകാരം കള്ളു ഷാപ്പ്, ബീവറേജ് കോര്‍പ്പറേഷന്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, ബിയര്‍ ആന്റ് വൈന്‍ ഷോപ്പുകള്‍, ക്ലബ്ബുകള്‍ എന്നിവയില്‍ ഒറ്റ വനിതയെയും ജീവനക്കാരാക്കരുതെന്നാണ് അനുശാസിക്കുന്നത്. 

എന്നാല്‍ തിരുവനന്തപുരം പാപ്പനംകോട്ടെ ബാറില്‍ ജോലിക്കാരിയായിരുന്ന ധന്യമോള്‍, സോണിയ തുടങ്ങിയവര്‍ ഇതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ക്കനുകൂലമായി ലഭിച്ച ഹൈക്കോടതി വിധിയാണ് എക്‌സൈസ് വകുപ്പിന് ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നത്.

ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ പ്രകാരം മദ്യനയത്തിലെ ഈ ഭേദഗതി മൗലികാവശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ധന്യമോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡുവിന്റെ വിധി. 

ബീവറേജ് കോര്‍പ്പറേഷന്‍ പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികയില്‍ റാങ്ക്‌ലിസ്റ്റിലുള്ള സോണിയ അടക്കം ആറ് പേര്‍ക്ക് ഉടന്‍ നിയമനം നല്‍കുന്നതിന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) ഉടന്‍ ഇടപെടണമെന്നായിരുന്നു 2016ല്‍ സോണിയ ബീവറേജ് കോര്‍പ്പറേഷനെതിരേ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com