അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ വലിയ പൂജ്യമാക്കുകയാണ് ലക്ഷ്യം; എകെ ആന്റണി

കേരളത്തില്‍ ബിജെപിയെ വളര്‍ത്തുകയെന്നതാണ് സിപിഎം ലക്ഷ്യം. അതിന് പകരമായി കേന്ദ്രത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തുക ബിജെപിയുടെ ലക്ഷ്യമായി മാറിയെന്ന് ആന്റണി പറഞ്ഞു
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ വലിയ പൂജ്യമാക്കുകയാണ് ലക്ഷ്യം; എകെ ആന്റണി

കാസര്‍ഗോഡ്: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ വലിയ പൂജ്യമാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആന്റണി. 

കേരളം ഭരിക്കുന്ന പിണറായിക്കും കേന്ദ്രം ഭരിക്കുന്ന മോദിക്കും ഒരേ ലക്ഷ്യമാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എംപിമാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് അത്. മാര്‍ക്‌സിസ്റ്റ് എംപിമാര്‍ കൂടിയാല്‍ ഡല്‍ഹിയില്‍ കരിങ്കാലി പണിചെയ്യും. ദേശീയ തലത്തില്‍ മോദിക്കെതിരായ പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കുമ്പോള്‍ അതിന് തുരങ്കം വെക്കുന്ന കരിങ്കാലി പണിയാണ് സിപിഎം ചെയ്യുന്നതെന്നും ആന്റണി പറഞ്ഞു സോണിയ ഇരിക്കുന്ന യോഗത്തില്‍ പോലും യെച്ചൂരി പങ്കെടുക്കരുതെന്ന നിലപാടാണ് പൊളിറ്റ് ബ്യൂറോ കൈക്കൊണ്ടത്. മോദിക്കെതിരായി നടക്കുന്ന വലിയ പ്രക്ഷോഭത്തില്‍ സിപിഐ പോലും പങ്കെടുക്കുമ്പോള്‍ സിപിഎം പങ്കെടുക്കുന്നില്ലെന്നും ആന്റണി പറഞ്ഞു. കേരളത്തില്‍ ബിജെപിയെ വളര്‍ത്തുകയെന്നതാണ് സിപിഎം ലക്ഷ്യം. അതിന് പകരമായി കേന്ദ്രത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തുക ബിജെപിയുടെ ലക്ഷ്യമാണെന്നും ആന്റണി പറഞ്ഞു.

മോദിയുടെ നോട്ട് നിരോധനം കൊണ്ട് രാജ്യം പാപ്പരായിരിക്കുകയാണ്. ഇടത്തരം വ്യവസായികളും കര്‍ഷകരും സാധരാണക്കാരുടെയും ജീവിതം താറുമാക്കിയെന്നും കള്ളപ്പണം കണ്ടെത്താനായിട്ടില്ലെന്നും ആന്റണി പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഒരു വര്‍ഷമാകുമ്പോള്‍ അസാധുവാക്കിയ നോട്ടുകള്‍ എണ്ണിതീര്‍ന്നിട്ടില്ലെന്നും ആന്റണി പരിഹസിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com