ഐഎസ് ആശയങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നു; ജിഹാദി ഹാന്‍ഡ്ബുക്കിന്റെ മലയാളം വിവര്‍ത്തകനെ തേടി പൊലീസ്

ഐഎസ് ആശയങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നു; ജിഹാദി ഹാന്‍ഡ്ബുക്കിന്റെ മലയാളം വിവര്‍ത്തകനെ തേടി പൊലീസ്

യുവാക്കളെ ഐഎസ് ആശയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ "വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍" എന്ന പുസ്തകം പ്രധാന പങ്കു വഹിക്കുന്നതായി പൊലീസ്

കോഴിക്കോട് : ആഗോള ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങളിലേക്ക്  കേരളത്തിലെ യുവാക്കളെ ആകര്‍ഷിക്കുന്ന ജിഹാദി ഹാന്‍ഡ്ബുക്കിന്റെ മലയാളം വിവര്‍ത്തകനെ തേടി പൊലീസ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മലയാളി യുവാക്കളെ ഐഎസ് ആശയങ്ങളിലേക്ക് എത്തിക്കുന്നതില്‍ "വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍" ( ദ ഡോര്‍സ് ഓഫ് വിക്ടറി അണ്ടര്‍ ദ ഷാഡോ ഓഫ് ദ സ്വോര്‍ഡ് ) എന്ന പുസ്തകം പ്രധാന പങ്കു വഹിക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. 

"മഷാരി അല്‍ അഷ്‌വാഖ് ഇലാ മഷാരി അല്‍ ഉഷാഖ്" (സ്വര്‍ഗ്ഗത്തിലേക്കുള്ള വിശുദ്ധപാതയിലേക്ക് വഴികാട്ടി) എന്ന പുസ്തകമാണ് ഐഎസ് അടക്കമുള്ള ഭീകരസംഘടനകള്‍ വിശുദ്ധയുദ്ധത്തിന്റെ വേദപുസ്തകമായി കരുതുന്നത്. 15 ആം നൂറ്റാണ്ടില്‍ ഈജിപ്തില്‍ കൊല്ലപ്പെട്ട അബി സക്കരിയ അല്‍ ദിമാഷ്ഖി അല്‍ ദുമ്യാട്ടി എന്ന ഇബ്ന്‍ നുഹാസാണ് പുസതകത്തിന്റെ കര്‍ത്താവ്. വിശുദ്ധയുദ്ധത്തെക്കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്‌കതമാണ് "വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍" ( ദ ഡോര്‍സ് ഓഫ് വിക്ടറി അണ്ടര്‍ ദ ഷാഡോ ഓഫ് ദ സ്വോര്‍ഡ് ) എന്ന പേരില്‍ മലയാളത്തില്‍ മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

പുസ്തകത്തിന്റെ ഇംഗ്ലീഷ് വ്യാഖ്യാനം ഇന്റര്‍നെറ്റില്‍ അടക്കം സുലഭമാണെങ്കിലും, മലയാളം പരിഭാഷയാണ് കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ ഏറെ ആകര്‍ഷിച്ചതും, പ്രചരിക്കുന്നതുമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറാന്‍ പ്രരിപ്പിച്ചത് വിജയത്തിന്റെ വാതില്‍ എന്ന പുസ്തകമാണെന്ന്, ഐഎസില്‍ ചേര്‍ന്ന യുവാക്കള്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തിയിരുന്നു. ഐഎസിന്റെ താത്വികാചാര്യനായ, അമേരിക്കന്‍ മതപ്രഭാഷകന്‍ അന്‍വര്‍ അല്‍ അവ്‌ലാക്കിയുടെ പ്രസംഗങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വ്യക്തികളെയും സമൂഹത്തെയും സുഖപ്പെടുത്തുന്നതാണ് ജിഹാദ്( വിശുദ്ധയുദ്ധം) എന്ന് പുസ്‌കം വിശദീകരിക്കുന്നു. വ്യക്തികളെ അവിശ്വാസം എന്ന അസുഖത്തില്‍ നിന്നും ഇസ്ലാം എന്ന സൗഖ്യത്തിലേക്ക് ജിഹാദ് നയിക്കുന്നു. അള്ളാവിലുള്ള അവിശ്വാസമാണ് മനുഷ്യരാശിയുടെ വലിയ വിപത്തെന്നും, ഇസ്ലാമാണ് സൗഖ്യത്തിനുള്ള യഥാര്‍ത്ഥ പ്രതിവിധിയെന്നും പുസ്തകം പറയുന്നു. അസുഖം തീര്‍ത്തും ഭേദമാക്കാനാകാത്ത ഭാഗം മുറിച്ചുകളയുകയാണ്, ശരീരത്തെ രക്ഷിക്കാന്‍ വൈദ്യശാസ്ത്രം ചെയ്യുന്നത്. ഇതുതന്നെയാണ് ഇസ്ലാമില്‍ ജിഹാദ് ചെയ്യുന്നത്.  യുദ്ധഭൂമിയില്‍ നിന്നും പിന്തിരിഞ്ഞോടുന്നത് വലിയ പാപമാണെന്നും, അള്ളഹുവിന്റെ ശാപത്തിന് അവന്‍ അര്‍ഹനാണെന്നും പുസ്തകം വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com