മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ മെട്രോ പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് മുഹമ്മദ് ഹനീഷ്; കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റു

കൊച്ചിയെ അറിയുന്ന മുഹമ്മദ് ഹനീഷ് പിന്‍ഗാമി ആയതില്‍ സന്തോഷമെന്ന് ഏലിയാസ് ജോര്‍ജ്ജ് 
മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ മെട്രോ പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് മുഹമ്മദ് ഹനീഷ്; കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റു

കൊച്ചി : മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ മെട്രോ പൂര്‍ത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് എ പി എം മുഹമ്മദ് ഹനീഷ്. ഏലിയാസ് ജോര്‍ജ്ജില്‍ നിന്നും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറുടെ ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ യാത്രാനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണം. നിരക്ക് കുറച്ചാല്‍ ആളുകള്‍ മെട്രോയില്‍ കയറുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ രാജ്യത്തിനകത്തെയും പുറത്തെയും നിരക്കുകള്‍ അടക്കമുള്ളവ സംബന്ധിച്ച് തുലനവും ചര്‍ച്ചയും ആവശ്യമാണ്. ഇതുവരെ വഹിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ ചുമതലയെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു.

വാട്ടര്‍മെട്രോ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍ഗണന കൊടുക്കും. എല്ലാവരെയും പോലെ മെട്രോ വൈറ്റിലയിലേക്കും തൃപ്പൂണിത്തുറയിലേക്കും പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ആഗ്രഹമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. നിലവില്‍ സപ്ലൈകോ എംഡിയായ മുഹമ്മദ് ഹനീഷിന് കൊച്ചി മെട്രോ എംഡിയുടെ പൂര്‍ണ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്. ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിന് കെഎംആര്‍എല്‍ എംഡിയുടെ അധികചുമതല നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ചുമതലയും മുഹമ്മദ് ഹനീഷിനുണ്ട്. 

ആരാകും തന്റെ പിന്‍ഗാമി എന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നുവെന്ന് സ്ഥാനമൊഴിഞ്ഞ എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു. കൊച്ചിയെ നന്നായി അറിയുന്ന മുഹമ്മദ് ഹനീഷ് പിന്‍ഗാമിയുകുന്നതില്‍ സന്തോഷമുണ്ട്. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അഞ്ചുവര്‍ഷം കൊച്ചി മെട്രോയിലായിരുന്നെന്നും ഏലിയാസ് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. കൊച്ചിയിലെ പൊതുഗതാഗത സംവിധാനത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ഉഭയസമ്മതപത്രത്തില്‍ ഒപ്പുവെയ്ക്കുന്നതായിരുന്നു പുതിയ എംഡിയുടെ ആദ്യ ഔദ്യോഗിക പരിപാടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com