ഗെയില്‍ സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്; വ്യവസായമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2017 02:48 PM  |  

Last Updated: 03rd November 2017 02:55 PM  |   A+A-   |  

 

തിരുവനന്തപുരം : ഗെയില്‍ ഗ്യാസ് പൈപ്പിടലിനെതിരെ കോഴിക്കോട് മുക്കത്തെ പ്രതിഷേധവും, അതിനെ നേരിട്ട പൊലീസ് നടപടിയും വിമര്‍ശനവിധേയമായതിന് പിന്നാലെ സമവായ നീക്കവുമായി സര്‍ക്കാര്‍. വിഷയത്തില്‍ സര്‍വകക്ഷിയോഗം നടത്താനാണ് തീരുമാനം. വ്യവസായവകുപ്പ് മന്ത്രി എ സി മൊയ്തീനാണ് സര്‍വകക്ഷിയോഗം വിളിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് കളക്ടറേറ്റിലാണ് സര്‍വകക്ഷിയോഗം ചേരുക. മന്ത്രി എ സിമൊയ്തീനും യോഗത്തില്‍ സംബന്ധിക്കും.

മുക്കത്തെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാവിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മുക്കത്ത് പൊലീസ് രാജാണ് നടക്കുന്നത്. സമരക്കാരെ തല്ലിച്ചതയ്ക്കാനുള്ള നീക്കം അപലപനീയമാണ്. ജനകീയസമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. 

മുക്കത്തെ സമരവേദിയിലെത്തി യുഡിഎഫ് നേതാക്കളായ വിഎം സുധീരനും പി കെ കുഞ്ഞാലിക്കുട്ടിയും സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. പൈപ്പിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. കോഴിക്കോട് ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനകം തീര്‍ക്കുമെന്ന് ഗെയില്‍ അധികൃതര്‍ സൂചിപ്പിച്ചിരുന്നു.