ഡിജിപി ബെഹ്‌റയും ബി സന്ധ്യയും ചേര്‍ന്ന് തന്നെ കുടുക്കി; കേസ് സിബിഐ അന്വേഷിക്കണം, പുതിയ നീക്കവുമായി ദിലീപ്

നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തി അന്വേഷിച്ചാല്‍ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ വെളിയില്‍ വരും
ഡിജിപി ബെഹ്‌റയും ബി സന്ധ്യയും ചേര്‍ന്ന് തന്നെ കുടുക്കി; കേസ് സിബിഐ അന്വേഷിക്കണം, പുതിയ നീക്കവുമായി ദിലീപ്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി നടന്‍ ദിലീപ് രംഗത്തെത്തി. സംസ്ഥാന ആഭ്യന്തരസെക്രട്ടറിയ്ക്ക് അയച്ച കത്തിലാണ് ദിലീപ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി സന്ധ്യയും ചേര്‍ന്ന് കേസില്‍ തന്നെ കുടുക്കിയതാണെന്ന് ദിലീപ് കത്തില്‍ ആരോപിച്ചു. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തി അന്വേഷിച്ചാല്‍ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ വെളിയില്‍ വരും. കേസിലെ സത്യം തെളിയിക്കാന്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ദിലീപ് കത്തില്‍ ആവശ്യപ്പെട്ടു. 

രണ്ടാഴ്ച മുമ്പാണ് ദിലീപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്തയച്ചത്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമായിരുന്നു ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം പൊലീസിനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിനെ അറിയിച്ചതാണ്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് തന്നെ പ്രതിയാക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചത്. റൂറല്‍ എസ്പി എവി ജോര്‍ജ്ജ്, ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗീസ്, സിഐ ബൈജു പൗലോസ് എന്നിവരെ അന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും കത്തില്‍ ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെയാണ് അന്വേഷണസംഘത്തിനെതിരെ ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ദിലീപിന് അനുകൂലമായി മുഖ്യസാക്ഷി കൂറുമാറിയിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിനെ അന്വേഷിച്ച് കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിയിരുന്നു എന്ന് മൊഴി നല്‍കിയ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. പള്‍സര്‍ സുനിയോ കൂട്ടാളി വിജേഷോ ലക്ഷ്യയില്‍ വന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് ഇയാള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയത്. കേസില്‍ പത്താംപ്രതി വിപിന്‍ലാലിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com