അലൈന്‍മെന്റ് മാറ്റില്ലെന്ന് ഉറപ്പിച്ച് ഗെയില്‍; പുതിയ അലൈന്‍മെന്റ് ഖജനാവിന് നഷ്ടമുണ്ടാക്കും, പദ്ധതി വൈകിപ്പിക്കും

പുതിയ അലൈന്‍മെന്റ് പ്രകാരം ഭൂമി വിട്ടു നല്‍കേണ്ടവര്‍ പ്രതിഷേധവുമായി് എത്തിയാല്‍ അപ്പോഴും പദ്ധതി അനിശ്ചിതത്വത്തിലാവും
അലൈന്‍മെന്റ് മാറ്റില്ലെന്ന് ഉറപ്പിച്ച് ഗെയില്‍; പുതിയ അലൈന്‍മെന്റ് ഖജനാവിന് നഷ്ടമുണ്ടാക്കും, പദ്ധതി വൈകിപ്പിക്കും

കൊച്ചി: കൊച്ചി മുതല്‍ മംഗലാപുരം വരെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റാതെ പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറില്ലെന്ന് സമരസമിതി വ്യക്തമാക്കുമ്പോള്‍ അലൈന്‍മെന്റ് മാറ്റം അപ്രായോഗികമാണെന്ന നിലപാടില്‍ ഉറച്ച് ഗെയില്‍. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കി അലൈന്‍മെന്റ് മാറ്റുക എന്നത് കേരളത്തില്‍ സാധ്യമല്ലെന്ന് കമ്പനി ജനറല്‍ മാനേജര്‍ ടോണി മാത്യു പറഞ്ഞു. 

പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ഘടത്തില്‍ അലൈന്‍മെന്റ് മാറ്റുക എന്ന് പറഞ്ഞാല്‍ അത് പ്രാവര്‍ത്തികമല്ല. അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാല്‍ പദ്ധതിയുടെ ഘടന മുഴുവന്‍ മാറ്റണം. നിലവിലെ അലൈന്‍മെന്റ് വിലയിരുത്തിയാണ് വിവിധ ചട്ടങ്ങള്‍ അനുസരിച്ചുള്ള അനുമതി പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. 

പദ്ധതിക്കുള്ള നിര്‍മാണ സാമഗ്രികള്‍ വാങ്ങിയിരിക്കുന്നതും നിലവിലുള്ള അലൈന്‍മെന്റ് അനുസരിച്ചാണെന്നും ഗെയില്‍ ജനറല്‍ മാനേജര്‍ പറയുന്നു. നിലവിലെ അലൈന്‍മെന്റ് മാറ്റി പുതിയ അലൈന്‍മെന്റ് തയ്യാറാക്കി ആ ഭൂമി ഏറ്റെടുക്കല്‍ കഴിയുമ്പോഴേക്കും രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരും. അങ്ങിനെ നിലവിലെ കരാര്‍ റദ്ദാക്കേണ്ടി വരുമ്പോള്‍ അത് പൊതുഖജനാവിന് വലിയ നഷ്ടമുണ്ടാക്കും. 

അലൈന്‍മെന്റ് മാറ്റിയതിന് ശേഷം പദ്ധതി പൂര്‍ത്തിയാവാന്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കും. മാത്രമല്ല, പുതിയ അലൈന്‍മെന്റ് പ്രകാരം ഭൂമി വിട്ടു നല്‍കേണ്ടവര്‍ പ്രതിഷേധവുമായി് എത്തിയാല്‍ അപ്പോഴും പദ്ധതി അനിശ്ചിതത്വത്തിലാവുമെന്ന് ഗെയില്‍ ജനറല്‍ മാനേജര്‍ പറഞ്ഞു. 

ജനവാസ കേന്ദ്രങ്ങളിലൂടെ വാതക പൈപ്പ് ലൈന്‍ ഇടരുതെന്ന് നിയമം പറയുന്നില്ല. കെട്ടിടങ്ങളുടേയോ, വീടുകളുടേയോ അരികില്‍ കൂടി പൈപ്പ് ലൈന്‍ ഇടുന്നതില്‍ നിയമതടസം ഇല്ലെന്ന് ഹൈക്കോടതി വിധിയില്‍ തന്നെ വ്യക്തമായിട്ടുണ്ട്. 

ആധാരവിലയുടെ പത്ത് ശതമാനം മാത്രമാണ് ഭൂമിയിലുള്ള നഷ്ടപരിഹാരമായി നല്‍കുന്നതെന്ന ആരോപണത്തെ തള്ളിയ ടോണി മാത്യു, വിപണി വിലയുടെ പത്ത് ശതമാനമാണ് പത്തു മീറ്റര്‍ സ്ഥലത്തിന്റെ ഉപയോഗ വിലയായി കൊടുക്കുന്നതെന്ന് പറയുന്നു. ഇത് ആധാരത്തിലെ വിലയുടെ പകുതിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 

വാല്‍വ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത്. നിര്‍മാണ സമയത്ത് 20 മീറ്റര്‍ ഏറ്റെടുക്കുന്നതിനാല്‍ ഈ സ്ഥലത്തുണ്ടാകുന്ന വിളകള്‍ക്ക് നല്ല രീതിയില്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. വേരിറങ്ങാത്ത പച്ചക്കറി വിളകള്‍ മാത്രമെ പത്ത് മീറ്ററില്‍ അനുവദിക്കുകയുള്ളെന്നും അദ്ദേഹം  പറയുന്നു. 

ലൈനിന്റെ സുരക്ഷ ഉടമയുടെ ചുമലിലാണെന്ന നിലപാടിനേയും ഗെയിന്‍ ജനറല്‍ മാനേജര്‍ ന്യായീകരിക്കുന്നു. വാദം ചോര്‍ത്തുന്ന സംഭവങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായതിന് തുടര്‍ന്നാണ് ഉടമയുടെ പങ്ക് കൂടി ചേര്‍ന്ന് നിയമമുണ്ടാക്കിയത്. ഇതില്‍ അവര്‍ക്ക് നേരിട്ട് ഉത്തരവാദിത്വമില്ല. 

ഗോദാവരിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ പൊട്ടിത്തെറിയുണ്ടായ പൈപ്പ് ലൈന്‍ പൂര്‍ണമായും സിഎന്‍ജി മാത്രം കടന്നുപോകുന്ന കുഴലായിരുന്നില്ല. സള്‍ഫറിന്റെ അംശം കൂടുതലുള്ള വാതക മിശ്രിതമായിരുന്നു അന്ന് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ഇന്ധന ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് അപകടം ഉണ്ടായപ്പോള്‍ അവയുടെ ഗതാഗതം നിരോധിക്കുകയല്ല ചെയ്തത്. കൂടുതല്‍ മുന്‍ കരുതല്‍ എടുക്കുകയായിരുന്നു ചെയ്തത് എന്ന് മറക്കരുത് എന്നും ഗെയില്‍ ജനറല്‍ മാനേജര്‍ പറയുന്നു. 

പാചക വാതകം അല്ലാത്ത ഇന്ധനം, വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതെന്ന ആരോപണവും ടോണി മാത്യു തള്ളുന്നു. പുതുവൈപ്പ് ടെര്‍മിനലില്‍ നിന്നും കൊച്ചിയിലെ വ്യവസായ ശാലകള്‍ക്കുള്ള വാതക വിതരണത്തിന് കുഴല്‍ സ്ഥാപിച്ചായിരുന്നു കേരളത്തിലെ പദ്ധതിയുടെ തുടക്കം. തൃശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ്, ജില്ലകളിലും സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com