ഗെയില്‍ പദ്ധതിക്കെതിരായ സമരം : ഇസ്ലാമിക രാഷ്ട്ര അജണ്ടയ്ക്കു ജനകീയ പരിവേഷം നല്‍കാനാണ് ശ്രമമെന്ന് മന്ത്രി തോമസ് ഐസക്ക് 

ആര്‍എസ്എസ് വര്‍ഗീയതയ്ക്ക് വളം വച്ച് കൊടുക്കുന്ന ഒന്നായി ഇസ്ലാമിക രാഷ്ട്ര വാദക്കാര്‍ മാറുന്നു
ഗെയില്‍ പദ്ധതിക്കെതിരായ സമരം : ഇസ്ലാമിക രാഷ്ട്ര അജണ്ടയ്ക്കു ജനകീയ പരിവേഷം നല്‍കാനാണ് ശ്രമമെന്ന് മന്ത്രി തോമസ് ഐസക്ക് 

തിരുവനന്തപുരം :  ഇസ്ലാമികരാഷ്ട്ര അജണ്ടയ്ക്കു ജനകീയ പരിവേഷം നല്‍കാനാണ് ഗെയില്‍ പദ്ധതിക്കെതിരെ ജനങ്ങളുടെ ആശങ്കകളെ ഊതി വീര്‍പ്പിച്ച് സമരാഭാസങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ സമരത്തിന്റെ മുന്‍പന്തിയിലുള്ള എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ വര്‍ഗീയലക്ഷ്യം സംബന്ധിച്ച് കൃത്യമായ ബോധ്യമുണ്ട്. ആര്‍ എസ് എസിന്റെത് ഹിന്ദുരാഷ്ട്ര അജണ്ട ആണെങ്കില്‍ ഇവരുടേത് ഇസ്ലാമിക രാഷ്ട്ര അജണ്ട ആണ്. ഇവരുടെ ഇസ്ലാമിക രാഷ്ട്ര വാദം കേവലം ദിവാസ്വപ്നങ്ങള്‍ മാത്രമാണ്. ആര്‍എസ്എസ് വര്‍ഗീയതയ്ക്ക് വളം വച്ച് കൊടുക്കുന്ന ഒന്നായി ഇസ്ലാമിക രാഷ്ട്ര വാദക്കാര്‍ മാറുന്നു. ഇവരുടെ സമരത്തെ മാത്രമല്ല പ്രതിലോമ രാഷ്ട്രീയത്തെയും ശക്തമായി തുറന്നു കാണിക്കുമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ സിപിഎം എതിര്‍ത്ത പദ്ധതി ആണിത് എന്നാണ് ഇവരുടെ മുഖ്യവാദം. ഇതിനു തെളിവായി ചില പ്രാദേശിക സമര പോസറ്ററുകളുടെ ചിത്രങ്ങളും പ്രസ്താവനകളുടെ പകര്‍പ്പുകളും എല്ലാം കാണിക്കുന്നു. മറ്റു പല പദ്ധതികളുടെ കാര്യത്തിലെന്ന പോലെ പ്രാദേശികമായി ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിലും സിപിഎം പ്രവര്‍ത്തകര്‍ പങ്കാളികള്‍ ആയിട്ടുണ്ട്. ഒരു പക്ഷെ പദ്ധതിയുടെ പ്രസക്തിയെ കുറിച്ച് തന്നെ പല പ്രവര്‍ത്തകര്‍ക്കും സംശയങ്ങളും ഉണ്ടായിരുന്നിരിക്കാം. പക്ഷെ സിപിഎം, പാര്‍ടി എന്ന നിലയില്‍ ഗെയില്‍ പദ്ധതിയെ എതിര്‍ത്തിട്ടില്ല എന്ന് മാത്രമല്ല അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ സിപിഎം പദ്ധതിക്കെതിരല്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട് . 2015 ആഗസ്തില്‍ അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കേരളത്തിലെ ഊര്‍ജ്ജരംഗത്തെ സ്വപ്ന പദ്ധതികളില്‍ ഒന്നായിട്ടാണ് എല്‍ എന്‍ ജി ടെര്‍മിനലിനെ വിശേഷിപ്പിച്ചിട്ടുള്ളതെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

സാധാരണ സംഘികള്‍ ആണ് എന്റെ പോസ്റ്റുകള്‍ക്ക് കീഴില്‍ വന്നു തെറി വിളിക്കാറുള്ളത് . ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയെ കുറിച്ചുള്ള പോസ്റ്റിനു കീഴെ ഇവരുടെ ഇസ്ലാമിക് മറുപുറക്കാരാണ് നിരന്നിരിക്കുന്നത്. ഉള്ളത് പറയണമല്ലോ , സംഘികളെ പോലെ തെറി വിളിച്ചിട്ടില്ല. കുറച്ച് കൂടി മാന്യത പുലര്‍ത്തിയിട്ടുണ്ട്. മുഖ്യവാദം പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ സി പി ഐ എം എതിര്‍ത്ത പദ്ധതി ആണിത് എന്നതാണ്. ഇതിനു തെളിവായി ചില പ്രാദേശിക സമര പോസ്ടറുകളുടെ ചിത്രങ്ങളും പ്രസ്താവനകളുടെ പകര്‍പ്പുകളും എല്ലാം ഒട്ടിച്ചിട്ടുണ്ട് . അധികം തെളിവ് ഹാജരാക്കി ആരും വിഷമിക്കേണ്ട. മറ്റു പല പദ്ധതികളുടെ കാര്യത്തിലെന്ന പോലെ പ്രാദേശികമായി ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിലും സി പി എം പ്രവര്‍ത്തകര്‍ പങ്കാളികള്‍ ആയിട്ടുണ്ട്. ഒരു പക്ഷെ പദ്ധതിയുടെ പ്രസക്തിയെ കുറിച്ച് തന്നെ പല പ്രവര്‍ത്തകര്‍ക്കും സംശയങ്ങളും ഉണ്ടായിരുന്നിരിക്കാം . പക്ഷെ സി പി ഐ എം, പാര്‍ടി എന്ന നിലയില്‍ ഗെയില്‍ പദ്ധതിയെ എതിര്‍ത്തിട്ടില്ല എന്ന് മാത്രമല്ല അന്ന് പാര്‍ടി സെക്രട്ടറി ആയിരുന്ന സഖാവ് പിണറായി വിജയന്‍ സി പി ഐ എം പദ്ധതിക്കെതിരല്ല എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് . 2015 ആഗസ്തില്‍ അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കേരളത്തിലെ ഊര്‍ജ്ജരംഗത്തെ സ്വപ്ന പദ്ധതികളില്‍ ഒന്നായിട്ടാണ് എല്‍ എന്‍ ജി ടെര്‍മിനലിനെ വിശേഷിപ്പിച്ചിട്ടുള്ളത് . ടെര്‍മിനല്‍ സ്ഥാപിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പത്ത് ശതമാനം ശേഷിയെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അന്നദ്ദേഹം വിമര്‍ശനം ഉയര്‍ത്തി . ഇതിനു കാരണം അദ്ദേഹം ഇങ്ങനെയാണ് വിശദീകരിക്കുന്നത്, ' പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രാദേശിക തലത്തില്‍ ഉയരുന്ന എതിര്‍പ്പാണ് കാരണം , സ്ഥലം ഉടമകള്‍ക്ക് ന്യായമായും ആശങ്കകള്‍ ഉണ്ടാകും . നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കങ്ങളും ഉണ്ടാകും . അത് പരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ് . പ്രതിപക്ഷത്തിന് പദ്ധതിയുമായി ബന്ധപ്പെട്ടു ഒരു വിയോജിപ്പും ഇല്ല '
ദേശീയ പാതയുടെ വീതി കൂട്ടല്‍ , ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ,, ജലപാതയുടെ നിര്‍മ്മാണം തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ സംബന്ധിച്ച് ഞങ്ങള്‍ 2015 അവസാനം നടന്ന കേരള പഠന കോണ്‍ഗ്രസ്സില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇവ മൂന്നും കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് അത്യന്താപേക്ഷിതമായിട്ടാണ് വിലയിരുത്തിയത് . ഇതിനെ തുടര്‍ന്നാണ് ഇവയുടെ നടത്തിപ്പ് മാനിഫെസ്‌റ്റോയില്‍ ഉള്‍ക്കൊള്ളിച്ചത് . ഗെയില്‍ പൈപ്പ് വാതക പദ്ധതി നടപ്പാക്കും എന്ന് ജനങ്ങളോട് തുറന്നു പറഞ്ഞു കൊണ്ടാണ് എല്‍ ഡി എഫ് വോട്ടു ചോദിച്ചു അധികാരത്തില്‍ വന്നത്. യാതാര്‍ത്ഥ്യം ഇതായിരിക്കെ പ്രതിപക്ഷത്തായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ നിലപാട് വ്യത്യസ്തമായിരുന്നു എന്ന് സ്ഥാപിക്കാന്‍ എന്തിനാണ് വൃഥാ ശ്രമങ്ങള്‍ സമരക്കാര്‍ നടത്തുന്നത് എന്ന് മനസ്സിലാവുന്നില്ല .
അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ യാന്ത്രികമായി പദ്ധതി നടപ്പാക്കാന്‍ അല്ല ശ്രമിച്ചത്. നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഗെയിലുമായി ചര്‍ച്ച നടത്തി . നഷ്ടപരിഹാരം സംബന്ധിച്ച് ഒരു പ്രത്യേക നിയമം ഉണ്ട് . കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണത് പാസാക്കിയത് . അത് പ്രകാരം വിലയുടെ പത്ത് ശതമാനമേ നഷ്ടപരിഹാരമായി കൊടുക്കാന്‍ വ്യവസ്ഥ ഉള്ളൂ. തന്മൂലം കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ഗെയില്‍ കൈക്കൊണ്ട നിലപാട് . ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു ധാരണയില്‍ എത്തിച്ചേര്‍ന്നു . ഭൂമിയുടെ വില സര്‍ക്കാര്‍ നിശയിച്ച ഫെയര്‍ വാല്യുവിന്റെ അഞ്ചു മടങ്ങായിരിക്കും . അതിന്റെ പത്ത് ശതമാനം ആയിരിക്കും നഷ്ടപരിഹാരം നല്‍കുക . എന്ന് പറഞ്ഞാല്‍ എല്‍ ഡി എഫ് നഷ്ടപരിഹാരം അഞ്ചു മടങ്ങ് വര്‍ദ്ധിപ്പിച്ചു . അതിനു ശേഷമാണ് പദ്ധതി നിര്‍മ്മാണം പുനരാരംഭിച്ചത് . ഇപ്പോഴുള്ള വാദം ചില വീടുകള്‍ക്ക് പറ്റെ ചേര്‍ന്നാണ് പൈപ്പ് പോകുന്നത് എന്നതാണ് , അവരെ പുനരധിവസിപ്പിക്കണമെങ്കില്‍ അതും ചര്‍ച്ച ചെയ്യാം . ഗെയിലിന് നിയമ പരിമിതി മൂലം ഇത്തരത്തിലുള്ള വര്‍ദ്ധന നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ചുമതലയേല്‍ക്കാം , പക്ഷെ പദ്ധതി നടപ്പാക്കിയെ തീരൂ. പ്രകൃതി വാതക ലഭ്യതയും എല്‍ എന്‍ ജി ടെര്‍മിനലിന്റെ പൂര്‍ണ വിനിയോഗവും കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ സമരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന എസ് ഡി പി ഐ , വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ വര്‍ഗീയലക്ഷ്യം സംബന്ധിച്ച കൃത്യമായ ബോധ്യം ഞങ്ങള്‍ക്കുണ്ട് . ആര്‍ എസ് എസിന്റെത് ഹിന്ദുരാഷ്ട്ര അജണ്ട ആണെങ്കില്‍ ഇവരുടേത് ഇസ്ലാമിക രാഷ്ട്ര അജണ്ട ആണ്. പക്ഷെ ഇത് അങ്ങ് തെളിച്ചു പറയില്ല . ഇടതു പക്ഷ അവബോധം ശക്തമായി നില്‍ക്കുന്ന കേരളത്തില്‍ ഇടതുപക്ഷ പുരോഗമനബോധ്യത്തിലുള്ള മുദ്രാവാക്യങ്ങള്‍ക്കാണ് സ്വീകാര്യത എന്ന ബോധ്യമവര്‍ക്കുണ്ട്. ഒളിച്ചു കടത്തപ്പെടുന്ന ഇസ്ലാമികരാഷ്ട്ര അജണ്ടയ്ക്കു ജനകീയ പരിവേഷം നല്‍കാനാണ് ഗെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും പ്രത്യക്ഷത്തില്‍ ബാധിക്കുന്ന ജനങ്ങളുടെ ആശങ്കകളെ ഊതി വീര്‍പ്പിച്ച് സമരാഭാസങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇവരുടെ ഇസ്ലാമിക രാഷ്ട്ര വാദം ഇന്ത്യയുടെ മൂര്‍ത്തമായ സാഹചര്യങ്ങളില്‍ കേവലം ദിവാസ്വപ്നങ്ങള്‍ മാത്രമാണ് . പക്ഷെ ആര്‍ എസ് എസിന്റെ ഹിന്ദു രാഷ്ട്ര വാദത്തിന്റെ അപകടം അങ്ങനെയല്ല . ഈ ആര്‍ എസ് എസ് വര്‍ഗീയതയെ കേരളത്തില്‍ വളം വച്ച് കൊടുക്കുന്ന ഒന്നായിട്ട് ഇസ്ലാമിക രാഷ്ട്ര വാദക്കാര്‍ മാറുന്നു എന്നതാണ് ഞങ്ങള്‍ ഗൌരവമായി കാണുന്നത് . ഇവരുടെ സമരത്തെ മാത്രമല്ല പ്രതിലോമ രാഷ്ട്രീയത്തെയും ശക്തമായി തുറന്നു കാണിക്കുക തന്നെ ചെയ്യും .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com