ഗെയില്‍ വിരുദ്ധ സമരത്തിനെതിരായ സിപിഎമ്മിന്റെ ഏഴാം നൂറ്റാണ്ട് പ്രയോഗത്തിനെതിരെ എപി സുന്നി വിഭാഗം

രാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന്‌ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍
ഗെയില്‍ വിരുദ്ധ സമരത്തിനെതിരായ സിപിഎമ്മിന്റെ ഏഴാം നൂറ്റാണ്ട് പ്രയോഗത്തിനെതിരെ എപി സുന്നി വിഭാഗം

കോഴിക്കോട് : ഗെയില്‍ വിരുദ്ധ സമരം പിന്നില്‍ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരമെന്ന് വിശേഷിപ്പിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയ്‌ക്കെതിരെ എപി സുന്നി വിഭാഗം രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനോട് അനുകൂല നിലപാട് സ്വീകരിച്ചവരായിരുന്നു സുന്നി വിഭാഗം. ഗെയില്‍ പദ്ധതി ഇവിടെ നടപ്പാകില്ലെന്ന് ജോര്‍ജ്ജ് എം തോമസ് ഉറപ്പുനല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഗെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന നിലപാട് ഇവിടുത്തെ  സിപിഎം അണികള്‍ക്കിടയിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. 

സിപിഎമ്മിന്റെപ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ലീഗും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഏഴാം നൂറ്റാണ്ട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് പ്രചാവക കാലഘട്ടത്തെയാണെന്നും, ഇത് പ്രവാചക നിന്ദയാണെന്നും മുസ്ലീം സംഘടനകള്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം പ്രസ്താവനയെ വിമര്‍ശിച്ച് വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറും രംഗത്തെത്തി. 

മുക്കത്തെ ഗെയില്‍ വിരുദ്ധ സമരത്തെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരമെന്ന് സിപിഎം വിശേഷിപ്പിച്ചത് പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചെന്ന് കെഎന്‍എ ഖാദര്‍ എംഎല്‍എ. അങ്ങനെയെങ്കില്‍ പിണറായി വിജയന്‍ മന്ത്രിസഭയിലും രണ്ട് ഏഴാം നൂറ്റാണ്ടുകാരുണ്ട്. സമരസമിതി നേതാക്കളെ ആരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും കെഎന്‍എ ഖാദര്‍ ആരോപിച്ചു.

പ്രസ്താവന വിവാദമായതിന് പിന്നാലെ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവന മുസ്ലീം സമുദായത്തിനെതിരല്ല. ഏഴാം നൂറ്റാണ്ട് പ്രയോഗം ചാതുര്‍വര്‍ണ്യത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. പ്രാകൃതമായ ആചാരങ്ങള്‍ക്കും, വിഗ്രഹാരാധനക്കുമെതിരെ പോരാടിയ ചരിത്രമാണ് ഇസ്ലാമിന്റയും നബിയുടേതും. രാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും പി മോഹനന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com