മാതൃക കാട്ടി മന്ത്രി ; നാടിന് വഴിയൊരുക്കാന്‍ മന്ത്രിയും കുടുംബവും വീടൊഴിഞ്ഞു

മന്ത്രി ജി സുധാകരനാണ് ദേശീയപാത വികസനത്തിനായി വീട് ഒഴിഞ്ഞുകൊടുത്തത്
മാതൃക കാട്ടി മന്ത്രി ; നാടിന് വഴിയൊരുക്കാന്‍ മന്ത്രിയും കുടുംബവും വീടൊഴിഞ്ഞു

ആലപ്പുഴ : നാടിന്റെ വികസനത്തില്‍ പങ്കാളിയാകാന്‍ മുപ്പത്തഞ്ച് വര്‍ഷത്തോളം താമസിച്ച വീട് മന്ത്രി നിറഞ്ഞമനസ്സോടെ ഒഴിഞ്ഞുകൊടുത്തു. മന്ത്രി ജി സുധാകരനാണ് ദേശീയപാത വികസനത്തിനായി വീട് ഒഴിഞ്ഞുകൊടുത്തത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഘട്ടത്തിലാണ് വീതിവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ സ്ഥലം വിട്ടുനല്‍കാനാകില്ലെന്നുകാട്ടി ചില സംഘടനകളും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി.

ഈ പശ്ചാത്തലത്തിലാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ തൂക്കുകുളം ജങ്ഷന് സമീപത്തെ വീട് റോഡ് വികസനത്തിനായി വിട്ടുനല്‍കി മന്ത്രിയും കുടുംബവും മാതൃക കാട്ടിയത്. 30 മീറ്റര്‍ വീതിയുള്ള ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി 45 മീറ്ററാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പാതയുടെ ഇരുവശങ്ങളില്‍നിന്നുമായി ഏഴരമീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീടിന്റെ പകുതിയോളം പൊളിച്ചുമാറ്റേണ്ടിവരുമായിരുന്നു. 

പറവൂര്‍ ഗവ. സ്‌കൂളിന് സമീപം മറ്റൊരു വീട് വാങ്ങി മന്ത്രിയും കുടുംബവും താമസം അങ്ങോട്ടേയ്ക്ക് മാറ്റി. 10 വര്‍ഷത്തോളം പഴക്കമുള്ള മൂന്നു കിടപ്പുമുറികളുള്ള ഇരുനില വീട്ടിലേക്കാണ് ഭാര്യ ജൂബിലി നവപ്രഭ, മകന്‍ നവനീത്, മരുമകള്‍ രശ്മി എന്നിവര്‍ക്കൊപ്പം മന്ത്രി താമസം മാറ്റിയത്. ദേശീയപാത വീതികൂട്ടലിന് കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്ഥലമെടുപ്പു ജോലികള്‍ക്ക് തുടക്കമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com