ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്

രണ്ടാഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ അപ്പീല്‍ അപ്പീല്‍ നല്‍കാനാണ് സിബിഐയുടെ തീരുമാനം
ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്

കൊച്ചി : ലാവലിന്‍ കേസില്‍ കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നു. നവംബര്‍ 20 നകം സുപ്രീംകോടതിയില്‍ അപ്പീല്‍ അപ്പീല്‍ നല്‍കാനാണ്  സിബിഐയുടെ തീരുമാനം. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കുക. അപ്പീല്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണെന്ന് സിബിഐ അധികൃതര്‍ സൂചിപ്പിച്ചു. 

നവംബര്‍ 21 നാണ് കേസില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ച് 90 ദിവസം പൂര്‍ത്തിയാകുന്നത്. ഇതിനകം അപ്പീല്‍ നല്‍കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് കേസില്‍ സിബിഐയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍ നടരാജനും നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അപ്പീല്‍ സമര്‍പ്പിക്കുന്നത്. 

ആഗസ്റ്റ് 23 നാണ് ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ പിണറായിയെ തിരഞ്ഞെപിടിച്ച് പ്രതിയാക്കുകയായിരുന്നെന്നും, വൈദ്യുതി ബോര്‍ഡ് കൊണ്ടുവന്ന പദ്ധതിയ്ക്ക് മന്ത്രി എങ്ങനെ കുറ്റക്കാരനാകുമെന്നും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി ഉബൈദ് ചോദിച്ചിരുന്നു. 

അതേസമയം കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ വി ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ക്കെതിരായ കുറ്റം നിലനില്‍ക്കുമെന്നും ഉവര്‍ക്കെതിരായ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി വിധി അനീതിയാണെന്നാണ് ഇവരുടെ വാദം. കേസ് പരിഗണിച്ച സുപ്രീംകോടതി വാദം കേള്‍ക്കല്‍ ആറാഴ്ചത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com