തോമസ് ചാണ്ടി വിഷയത്തില്‍ എജിയുടെ നിയമോപദേശം ലഭിക്കും വരെ കാത്തിരിക്കാന്‍ സിപിഎം തീരുമാനം

നിയമോപദേശം ലഭിച്ചശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ
തോമസ് ചാണ്ടി വിഷയത്തില്‍ എജിയുടെ നിയമോപദേശം ലഭിക്കും വരെ കാത്തിരിക്കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിക്കും വരെ കാത്തിരിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റിന്റെ തീരുമാനം. നിയമോപദേശം ലഭിച്ചശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. തോമസ് ചാണ്ടി വിഷയത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അടക്കം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിന്മേല്‍ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സിപിഎം ഇപ്പോള്‍ ഒരു നിലപാടെടുക്കുന്നത് സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു.

തുടര്‍ന്ന് എജിയുടെ നിയമോപദേശം ലഭിച്ചശേഷം വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. മധുരയില്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്നും പോയി. അതേസമയം തോമസ് ചാണ്ടിയുടെ നിലം നികത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചകളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നു. 

മന്ത്രി തോമസ് ചാണ്ടി ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ കളക്ടര്‍ അനുപമ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ലേക് പാലസിലേക്കുള്ള റോഡ് നിര്‍മ്മാണം, പാര്‍ക്കിംഗ് ഗ്രൗണ്ട്, ബണ്ട് നികത്തല്‍ എന്നിവയെക്കുറിച്ചായിരുന്നു കളക്ടര്‍ അന്വേഷിച്ചത്. ലേക് പാലസിലേക്ക് വലിയകുളം സീറോ ജെട്ടി  റോഡ് നിര്‍മ്മാണത്തില്‍ കടുത്ത നിയമലംഘനമാണ് ഉണ്ടായിട്ടുള്ളത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്നിടത്ത് നിലം നികത്തിയിരുന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായശേഷം നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കാമെന്ന് തോമസ് ചാണ്ടിയുടെ കമ്പനി അറിയിച്ചിരുന്നെങ്കിലും അത് പാലിച്ചില്ല. 2012 വരെ റിസോര്‍ട്ടിലേക്ക് റോഡ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിലും ഗുരുതരമായ നിയമലംഘനമാണ് നടന്നിട്ടുള്ളത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് കമ്പനി അട്ടിമറിച്ചു. നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ല. 2003 ന് ശേഷം ഭൂമിയുടെ രൂപത്തില്‍ വന്‍ മാറ്റമാണ് വരുത്തിയത്. 

ബണ്ടിലും തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് കമ്പനി വലിയ മാറ്റങ്ങള്‍ വരുത്തി. 2003 മുതല്‍ ബണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പാര്‍ക്കിംഗ് ഗ്രൗണ്ടായി പരിവര്‍ത്തനപ്പെടുത്തിയത്. ഒരു മീറ്റര്‍ ഉണ്ടായിരുന്ന ബണ്ടിന്റെ വീതി 12 മീറ്റര്‍ വരെയാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com