മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മാറ്റി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് നടപടി 

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണോദ്യോഗസ്ഥനായ കെ.ഡി. ബിജുവിനെ മാറ്റിയത്
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മാറ്റി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് നടപടി 

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ത്വരിതാന്വേഷണം നടത്തുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന് സ്ഥാനചലനം. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണോദ്യോഗസ്ഥനായ കെ.ഡി. ബിജുവിനെ മാറ്റിയത്. ഈ മാസം പതിനൊന്നിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. 

വിജിലന്‍സ് പ്രത്യേക യൂണിറ്റ് രണ്ടിലെ സിഐയായ ബിജുവിനെ പന്തളത്തേക്കാണ് മാറ്റിയത്. മാനദണ്ഡങ്ങള്‍ മറികടന്ന് അനാര്‍ക് ഡയറക്റ്ററായി ആര്‍. ഹരികുമാറിനെ നിയമിച്ചുവെന്ന കേസിലാണ് കടകംപള്ളി സുരേന്ദ്രന്‍ ത്വരിതാന്വേഷണം നേരിടുന്നത്.അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോളാണ് ബിജുവിനെ പന്തളത്തേക്ക് മാറ്റിയത്. സിഐ അരുണ്‍കുമാറിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. 

ചീഫ് സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍, ഊര്‍ജ്ജ സെക്രട്ടറി എന്നിവര്‍ നടത്തേണ്ട ഡയറക്റ്റര്‍ നിയമനം മന്ത്രി നേരിട്ട് നടത്തിയെന്നാണ് ആരോപണം. 2007ലെ ടെസം പ്രൊജക്റ്റില്‍ അംഗമായിരിക്കെ കോടികളുടെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് ഹരികുമാറിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് അനാര്‍ക് ഡയറക്റ്ററായി നിയമിച്ചതെന്ന് പരാതിയില്‍ പറയുന്നു. 

ഹരികുമാറിന് ഡയറക്റ്ററായി നിയമനം നടത്തി നാല് ദിവസത്തിന് ശേഷമാണ് അപേക്ഷ ക്ഷണിച്ചതെന്നും ഡയറക്റ്റര്‍ക്ക് വേണ്ട നിശ്ചിത പ്രായപരിധി പോലും പാലിച്ചിട്ടില്ലെന്നും ആരോപിക്കുന്നു. വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്താന്‍ തയാറാവാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com