തോമസ് ചാണ്ടിയുടെ കൈയേറ്റം: പറയേണ്ടത് സര്‍ക്കാര്‍, കാത്തിരിക്കാമെന്ന് വിഎസ്‌

തോമസ് ചാണ്ടിയുടെ കൈയേറ്റത്തില്‍ എജിയുടെ നിയമോപദേശം വൈകില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍
തോമസ് ചാണ്ടിയുടെ കൈയേറ്റം: പറയേണ്ടത് സര്‍ക്കാര്‍, കാത്തിരിക്കാമെന്ന് വിഎസ്‌

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. വിഷയത്തില്‍ സര്‍ക്കാര്‍ ആധികാരികമായി പറയുമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 

അതേസമയം തോമസ് ചാണ്ടിയുടെ കൈയേറ്റത്തില്‍ എജിയുടെ നിയമോപദേശം വൈകില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന്മേലാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചശേഷം യുക്തമായ നടപടി സ്വീകരിക്കും. വിഷയത്തില്‍ തന്റെ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. 

ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുത്തിരുന്നില്ല. എജിയുടെ നിയമോപദേശം ലഭിച്ചശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് സെക്രട്ടേറിയറ്റില്‍ ധാരണയായത്. എജിയുടെ റിപ്പോര്‍ട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ, അതിനു മുമ്പ് സിപിഎം നിലപാട് സ്വീകരിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. 

തോമസ് ചാണ്ടി ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മിച്ചതിലും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിച്ചതിലും ഗുരുതരമായ ചട്ടലംഘനം നടത്തിയതായി കളക്ടര്‍ ടി വി അനുപമയുടെ അന്തിമ റിപ്പോര്‍ട്ടിലുണ്ട്. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം അടക്കം ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തോമസ് ചാണ്ടിയ്ക്ക് പുറമെ, കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ നടപടി അടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com