പള്‍സറിന്റെ ഭീഷണി ദിലീപ് ബെഹറയെ അറിയിച്ചു, ഫോണ്‍ രേഖകള്‍ പുറത്ത്, പൊലീസ് വാദം സംശയത്തിന്റെ നിഴലില്‍

പള്‍സറിന്റെ ഭീഷണി ദിലീപ് ബെഹറയെ അറിയിച്ചു, ഫോണ്‍ രേഖകള്‍ പുറത്ത്, പൊലീസ് വാദം സംശയത്തിന്റെ നിഴലില്‍

ഇരുപതു ദിവസം വൈകിയാണ് ദിലീപ് പൊലീസ് മേധാവിയോട് വിവരം പറഞ്ഞതെന്നും ഇതു സംശയാസ്പദമാണ് എന്നുമായിരുന്നു പൊലീസ് വാദം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കാര്യം അപ്പോള്‍ തന്നെ നടന്‍ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹറയെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. സുനിയുടെ ഭീഷണിയെക്കുറിച്ച് ഉടന്‍ തന്നെ ദിലീപ് ബെഹറയെ അറിയിച്ചിരുന്നതായി ഫോണ്‍ രേഖകള്‍ ഉദ്ധരിച്ച് മനോരമ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതു ദിവസം വൈകിയാണ് ദിലീപ് പൊലീസ് മേധാവിയോട് വിവരം പറഞ്ഞതെന്നും ഇതു സംശയാസ്പദമാണ് എന്നുമായിരുന്നു പൊലീസ് വാദം. 

നാദിര്‍ഷയെയും അപ്പുണ്ണിയെയും മാറിമാറി വിളിച്ചാണ് ജയിലില്‍നിന്ന് പള്‍സര്‍ സുനി ഭീഷണി മുഴക്കിയത്. കേസില്‍ ദിലീപിന്റെ പേരു പറയാന്‍ സമ്മര്‍ദമുണ്ട്, പണം തന്നാല്‍ അത് ഒഴിവാക്കാം എന്നാണ് സുനി ഇവരെ അറിയിക്കുന്നത്. ഈ വിളികള്‍ വന്നതിനു പിന്നാലെ ഇവര്‍ ഇക്കാര്യം ദിലീപിനെ വിളിച്ച് അറിയിച്ചിട്ടുണ്ട്. അതേ ദിവസങ്ങളില്‍ തന്നെ ദിലീപ് ഇക്കാര്യം ലോക്‌നാഥ് ബെഹറെ അറിയിച്ചിട്ടുണ്ടെന്നാണ് ഫോണ്‍ രേഖകളില്‍ വ്യക്തമാവുന്നത്. ലോക്‌നാഥ ബെഹറയുടെ പെഴ്‌സനല്‍ നമ്പറിലേക്കാണ് ദിലീപിന്റെ കോളുകള്‍ പോയിട്ടുള്ളത്. ഇതേ നമ്പറിലേക്ക് പള്‍സര്‍ സുനിയുടെ കോളുകളുടെ റെക്കോഡിങ് വാട്‌സ്ആപ്പ് സന്ദേശമായും നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 10നാണ് ജയിലില്‍നിന്ന് നാദിര്‍ഷയ്ക്ക് ആദ്യ വിളി വരുന്നത്. അന്ന് 9.57ന് ദിലീപിന്റെ ഫോണില്‍നിന്ന് ബെഹറയ്ക്കു കോള്‍ പോയിട്ടുണ്ട്. ഏപ്രില്‍ 18, 20, 21 എന്നീ  തീയതികളിലും സുനി നാദിര്‍ഷയെയും അപ്പുണ്ണിയെയും ബന്ധപ്പെട്ടതായാണ് രേഖകള്‍. അതേ ദിവസങ്ങളിലെല്ലാം ദിലീപ് ബെഹറയെ വിളിച്ചിട്ടുണ്ടെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ കാര്യം പ്രതിഭാഗം ജാമ്യാപേക്ഷയ്ക്കിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ഫോണ്‍ രേഖകള്‍ പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് വാദം ദുര്‍ബലമാവുകയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നുവെന്ന് ലോക്‌നാഥ് ബെഹറ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അത് എപ്പോഴാണെന്ന കാര്യവും എന്തു നടപടി സ്വീകരിച്ചെന്നും വെളിപ്പെടുത്താനാവില്ലെന്നായിരുന്നു ബെഹറ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. ദിലീപ് എപ്പോഴാണ് പരാതി നല്‍കിയത്, അതില്‍ എന്തു നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നാണ്, ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ബെഹറ നേരത്തെ പറഞ്ഞത്. 

ദിലീപ് പരാതി നല്‍കാന്‍ വൈകിയത് ദുരൂഹമാണെന്നും ഇത് കേസിനെ ദിലീപുമായി ബന്ധിപ്പിക്കുന്ന തെളിവാണെന്നുമാണ് പൊലീസിന്റെ വാദം. എന്നാല്‍ ഇതു ഖണ്ഡിച്ച ദിലീപ് ഭീഷണി വന്ന ഉടന്‍ പരാതി നല്‍കിയിരുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

ബെഹറ അടക്കമുള്ളവര്‍ തന്നെ കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച്, സിബിഐ അന്വേഷണംആവശ്യപ്പെട്ട് ദിലീപ് പരാതി നല്‍കിയതിനു പിന്നാലെയാണ് ഫോണ്‍ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com