വിഴിഞ്ഞം: മത്സ്യതൊഴിലാളികള്‍ക്ക് 27 കോടി രൂപയുടെ മണ്ണെണ്ണ പാക്കേജ് ; തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാനായി റിട്ട. ജസ്റ്റിസ് കെ കെ ദിനേശനെ നിയമിക്കാനും ശുപാര്‍ശ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th November 2017 03:15 PM |
Last Updated: 08th November 2017 03:16 PM | A+A A- |

തിരുവനന്തപുരം : വിഴിഞ്ഞത്തെ മല്‍സ്യ തൊഴിലാളികള്‍ക്ക് 27 കോടിയുടെ മണ്ണെണ്ണ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. അന്താരാഷ്ട്ര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണ കാലയളവായ രണ്ടുവര്‍ഷത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുളള പാക്കേജിനാണ് അംഗീകാരം നല്‍കിയത്. 27.18 കോടി രൂപയാണ് ഇതിനുളള ചെലവ്. തുറമുഖ നിര്‍മാണം നടക്കുന്നതിനാല്‍ വിഴിഞ്ഞം സൗത്ത്, നോര്‍ത്ത്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2353 ബോട്ടുകള്‍ക്ക് ചുറ്റിവളഞ്ഞ് പോകേണ്ടതിനാല്‍ കൂടുതല്‍ മണ്ണെണ്ണ ഉപയോഗിക്കേണ്ടിവരും. അത് കണക്കിലെടുത്താണ് പാക്കേജ് നടപ്പിലാക്കുന്നത്. തുറമുഖനിര്‍മാണം നടക്കുന്നതിനാല്‍ മത്സ്യതൊഴിലാളികളുടെ തൊഴിലിനും വരുമാനത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്താന്‍ ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മണ്ണെണ്ണ പാക്കേജ് നടപ്പാക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ.കെ. ദിനേശനെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്ററായി റിട്ട. ലെഫ്റ്റനന്റ് കേണല്‍ പി.കെ. സതീഷ്‌കുമാറിനെ നിയമിക്കാനും തീരുമാനിച്ചു. സാംസ്‌കാരിക ഡയറക്റ്ററേറ്റ് വിപുലീകരിക്കുന്നതിന് 10 തസ്തികകള്‍ സൃഷ്ടിക്കും. കണ്ണൂര്‍ ചെറുപ്പുഴ സബ്ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, ട്രഷറര്‍ എന്നീ മൂന്ന് തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന് വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തു ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലെ സഹ അന്തേവാസികളുടെയും ജീവനക്കാരുടെയും മര്‍ദനമേറ്റാണ് സത്‌നാം സിങ്ങ് മരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2012 ആഗസ്റ്റ് 4നാണ് സത്‌നാം സിങ്ങ് മരണപ്പെട്ടത്. കരമന കളിയിക്കാവിള റോഡുവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന 22 രാജപാത നിവാസികള്‍ക്ക് പളളിച്ചല്‍ വില്ലേജില്‍ മൂന്ന് സെന്റ് വീതം ഭൂമി അനുവദിക്കും. കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി വഴി വീട് നിര്‍മ്മിച്ചു നല്‍കാനും തീരുമാനിച്ചു.