കെ സുരേന്ദ്രനെ വെട്ടി എംടി രമേശിനെ നിയോഗിച്ചു; പുനഃസംഘടനയില്‍ സംസ്ഥാന ബിജെപിയില്‍ അസംതൃപ്തി

യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്നും മാറ്റിയ കെ സുരേന്ദ്രന് കര്‍ഷകമോര്‍ച്ചയുടെ ചുമതല നല്‍കി
കെ സുരേന്ദ്രനെ വെട്ടി എംടി രമേശിനെ നിയോഗിച്ചു; പുനഃസംഘടനയില്‍ സംസ്ഥാന ബിജെപിയില്‍ അസംതൃപ്തി

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃതലത്തില്‍ നടത്തിയ അഴിച്ചുപണി വീണ്ടും വിഭാഗീയത രൂക്ഷമാക്കുന്നു. മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് പുറത്തുവിട്ടുവെന്ന് ആരോപണമുള്ള സംസ്ഥാന സെക്രട്ടറി വിവി രാജേഷിനെ പാര്‍ട്ടി പദവികളില്‍ നിന്നെല്ലാം നീക്കിയതിന് പിന്നാലെ, യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മാറ്റിയതുമാണ് വി മുരളീധരന്‍ പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശിനാണ് യുവമോര്‍ച്ചയുടെ ചുമതല നല്‍കിയിട്ടുള്ളത്. 

ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും അനുമതിയോടെയാണ് കുമ്മനം നേതൃതലത്തില്‍ പുനഃസംഘടന നടത്തിയിട്ടുള്ളത്. ഇക്കാര്യം ആലപ്പുഴയിലെ നേതൃയോഗത്തില്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് മുരളീധര പക്ഷം ഇക്കാര്യം അറിയുന്നതുതന്നെ. പുതിയ ചുമതല കൂടി ലഭിച്ചതോടെ, സംസ്ഥാന ബിജെപിയില്‍ രണ്ടാമനായി എംടി രമേശ് ഉയര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം, മധ്യകേരളം എന്നിവയുടെ ചുമതലയ്ക്കു പുറമെയാണ് രമേശിന് പാര്‍ട്ടിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ ചുമതലയും നല്‍കിയിട്ടുള്ളത്. 
പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ ശോഭ സുരേന്ദ്രന്‍ മഹിളാമോര്‍ച്ചയുടെ തലപ്പത്ത് തുടരും. യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്നും മാറ്റിയ കെ സുരേന്ദ്രന് കര്‍ഷകമോര്‍ച്ചയുടെ ചുമതല നല്‍കി. പാര്‍ട്ടിയുടെ വടക്കന്‍ ജില്ലകളുടെ ചാര്‍ജും സുരേന്ദ്രന് നല്‍കിയിട്ടുണ്ട്. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ എന്‍ രാധാകൃഷ്ണന് പട്ടികജാതി മോര്‍ച്ചയുടെയും, ന്യൂനപക്ഷമോര്‍ച്ചയുടെയും ചുമതല നല്‍കിയിട്ടുണ്ട്. 

യുവാക്കളെയും സ്ത്രീകളെയും പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കുക എന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുനക്രമീകരണം നടത്തിയിട്ടുള്ളത്. പുതിയ തീരുമാനത്തോടെ കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനായതായാണ് വിലയിരുത്തപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com