ഗെയില്‍: പൊതുനന്‍മയ്ക്ക് വേണ്ടി കുറച്ച്‌പേര്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്ന് ഹൈക്കോടതി

ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് എന്തായാലും പദ്ധതി നടപ്പിലാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഹൈക്കോടതി വിധിച്ചതായി പ്രമുഖ സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഗെയില്‍: പൊതുനന്‍മയ്ക്ക് വേണ്ടി കുറച്ച്‌പേര്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്ന് ഹൈക്കോടതി

കൊച്ചി: ഗെയില്‍ പോലുള്ള പൊതുനന്‍മ ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുറച്ചുപേര്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചേ പറ്റൂവെന്ന് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പുറത്ത്. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് എന്തായാലും പദ്ധതി നടപ്പിലാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഹൈക്കോടതി വിധിച്ചതായി പ്രമുഖ സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

അലൈന്‍മെന്റ് എന്തായാലും പൊതുനന്‍മയുള്ള പദ്ധതികള്‍ നടപ്പാക്കിയേ പറ്റൂ. പൊതുജനത്തിന്റെ അവകാശവും വ്യക്തിഗത അവകാശവും തമ്മില്‍ തുലനം ചെയ്യേണ്ട ഘട്ടത്തില്‍ പൊതു ആവശ്യത്തിന് തന്നെയാണ് മുന്‍തൂക്കം. ഗെയില്‍ നടപ്പാക്കുന്നത് അകാരണമായി ഏറെ വൈകിയ സാഹചര്യത്തില്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന തരത്തില്‍ ഏതെങ്കിലും കോടതിയുടേയോ മറ്റേതെങ്കിലും അധികൃതരുടെയോ ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അതെല്ലാം നീക്കം ചെയ്യുന്നതായും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍, ജോര്‍ജ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി. മുന്‍ ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് വിരമിക്കുന്നതിന് മുമ്പ് ഓഗസ്റ്റ് നാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗെയില്‍ പദ്ധതി നടപ്പാക്കുന്നത് ഇതിനോടകം തന്നെ വൈകിയിട്ടുണ്ട്. അതിനായി ഇത് നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്ന എല്ലാ ഉത്തരവുകളും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കൂടിയാണ് നിര്‍ദ്ദിഷ്ട പൈപ് ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ പലതും ജനസാന്ദ്രത കൂടിയ പ്രദേശവുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വിദഗ്ധ പരിശോധനയും മികച്ച സുരക്ഷാക്രമീകരണങ്ങളും ആവശ്യമാണ്. ഇത് ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com