"മന്ത്രിക്കെന്തിനാണ് പ്രത്യേക പരിഗണന"; സര്‍ക്കാരിനെതിരെ ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th November 2017 11:08 AM |
Last Updated: 08th November 2017 12:07 PM | A+A A- |

കൊച്ചി : മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മന്ത്രിയ്ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് കോടതി ചോദിച്ചു. സാധാരണക്കാരന്‍ ഭൂമി കൈയേറിയാലും ഇതേ നിലപാടാണോ സ്വീകരിക്കുക എന്നും കോടതി ചോദിച്ചു. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പിഎന്‍ മുകുന്ദന്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
അക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഒഴിഞ്ഞതിനെത്തുടര്‍ന്ന് പിഎന്‍ രവീന്ദ്രന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മന്ത്രിയ്ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് കേസ് പരിഗണിക്കവെ സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനോട് കോടതി ചോദിച്ചു. സാധാരണക്കാരന്‍ ഭൂമി കൈയേറിയാലും ഇതേ നിലപാടാണോ സ്വീകരിക്കുക എന്നും കോടതി ചോദിച്ചു. പാവപ്പെട്ടവര്‍ ഭൂമി കൈയേറിയാന്‍ ഉടന്‍ തന്നെ അധികൃതര്‍ ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങിയോ എന്നും കോടതി ചോദിച്ചു. അന്വേഷണം തുടങ്ങിയെന്ന് മറുപടി നല്‍കി. അന്വേഷണം പൂര്‍ത്തിയായോ എന്ന ചോദ്യത്തിന് ഇല്ല എന്നും മറുപടി നല്‍കി. ജില്ലാ കളക്ടര്‍ നടത്തിയത് ഭാഗിക സര്‍വെ ആണെന്നും അന്വേഷണം പൂര്‍ത്തിയായി വരുന്നതേ ഉള്ളൂവെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. എന്നാല്‍ എന്ന് അന്വേഷണം പൂര്‍ത്തിയാക്കുമെന്ന ചോദ്യത്തിന് സ്റ്റേറ്റ് അറ്റോര്‍ണി മറുപടി നല്‍കിയില്ല.
എല്ലാവര്‍ക്കും തുല്യനീതിയെന്ന് ഓര്‍മ്മിപ്പിച്ച കോടതി, കൈയേറ്റവുമായി ബന്ധപ്പെട്ട് 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസും, പഞ്ചായത്തംഗം വിനോദന്‍ നല്‍കിയ കേസും ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ഒരുമിച്ച് കേള്‍ക്കുമെന്നും വ്യക്തമാക്കി. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.