റേഷന്‍ പാക്കേജിന് അംഗീകാരം; ചില്ലറവ്യാപാരികള്‍ക്ക് കുറഞ്ഞ കമ്മീഷന്‍ പ്രതിമാസം 16,000 രൂപ, റേഷന്‍ അരിയ്ക്ക് വില കൂടും

അന്ത്യോദയ വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക
റേഷന്‍ പാക്കേജിന് അംഗീകാരം; ചില്ലറവ്യാപാരികള്‍ക്ക് കുറഞ്ഞ കമ്മീഷന്‍ പ്രതിമാസം 16,000 രൂപ, റേഷന്‍ അരിയ്ക്ക് വില കൂടും

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000 രൂപ കമ്മീഷന്‍ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭ തീരൂമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരിക. ഇതില്‍ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. 

റേഷന്‍ അരിയ്ക്ക് കിലോയ്ക്ക് ഒരു രൂപ അധികമായി ഈടാക്കുന്നതുവഴി 117.4 കോടി രൂപ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ശേഷിക്കുന്ന 45 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന മൊത്തം ചെലവ് 345.5 കോടി രൂപയാണ്. നിലവില്‍ കമ്മീഷന്‍ ഇനത്തില്‍ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. ശേഷിക്കുന്ന ബാധ്യതയാണ് 207 കോടി രൂപ.

റേഷന്‍ വ്യാപാരിക്ക് കമ്മീഷന്‍ നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും. വില്‍പനയിലെ കുറവിന് ആനുപാതികമായി വില്‍പ്പനക്കാരുടെ ലാഭവിഹിതം കുറയുന്നത് പരിഹരിക്കാന്‍ കാര്‍ഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും 2018 മാര്‍ച്ച് 31നു മുമ്പ് ഏകീകരിക്കും. മിനിമം കമ്മീഷന്‍ ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും ഏകീകരണം നടപ്പാക്കുക. 

45 ക്വിന്റലോ അതില്‍ കുറവോ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരിക്ക് ക്വിന്റലിന് 220 രൂപ നിരക്കില്‍ കമ്മീഷനും സഹായധനമായി പരമാവധി 6100 രൂപയും കാര്‍ഡുകളുടെ എണ്ണവും ധാന്യത്തിന്റെ അളവും ഏകീകരിക്കുന്നതുവരെ ലഭ്യമാവും. ഇപോസ് മെഷീന്‍ സ്ഥാപിക്കുന്നതു വരെ ക്വിന്റലിനു 100 രൂപ എന്ന കമ്മീഷന്‍ നിരക്ക് തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

റേഷന്‍ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com