സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നടപടി ഇന്നറിയാം;  പ്രത്യേക  അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവും ഇന്ന് 

കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാമെന്നാണ് ജസ്റ്റിസ് അരിജിത് പസായത്ത് നിയമോപദേശം നല്‍കിയത്
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നടപടി ഇന്നറിയാം;  പ്രത്യേക  അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവും ഇന്ന് 

തിരുവനന്തപുരം :  സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും, ഡിജിപി എ ഹേമചന്ദ്രന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരായ നടപടി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. പ്രത്യേക  അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവും ഇന്ന് ഇറങ്ങിയേക്കും. 

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാരിനു വേണമെങ്കില്‍ കേസെടുക്കാമെന്നാണ് ജസ്റ്റിസ് അരിജിത് പസായത്ത് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടായിരുന്നില്ല. ജസ്റ്റിസ് പസായത്തിന്റെ നിയമോപദേശം ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. തുടര്‍ന്ന് മന്ത്രിസഭ എടുക്കുന്ന തീരുമാനമാകും നടപടി റിപ്പോര്‍ട്ടായി നാളെ നിയമസഭയില്‍ സമര്‍പ്പിക്കുക എന്നാണ് സൂചന. 

അഴിമതിക്കും മാനഭംഗത്തിനുമെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എജിയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും നടത്തിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം 11 ന് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. എന്നാല്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് തീരുമാനമെടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞ് നില്‍ക്കുകയായിരുന്നു. 

റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണത്തിനായി ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജേ്ഷ് ദിവാനും, ഐജി ദിനേന്ദ്രകശ്യപും പുതിയ സംഘത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണസംഘത്തെ വിപുലപ്പെടുത്തുന്ന ഉത്തരവുകളൊന്നും സര്‍ക്കാര്‍ ഇറക്കിയിരുന്നില്ല. അന്വേഷണ വിഷയങ്ങള്‍ നിശ്ചയിച്ചും, പ്രത്യേകസംഘം രൂപീകരിച്ചുകൊണ്ടുമുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന. 

അതിനിടെ കേരളം കാത്തിരിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി നിയമസഭയുടെ പ്രത്യേക സമ്മേളനം  നാളെ ചേരും. 
രാവിലെ ഒന്‍പത് മണിമുതലാണ് സഭ സമ്മേളിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പും, നടപടി റിപ്പോര്‍ട്ടും മേശപ്പുറത്ത് വയ്ക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക പ്രസ്താവനയും നടത്തും.

നിയമസഭയില്‍ നാളെ ഹാജരാക്കുന്ന സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ അച്ചടിക്കുന്നതിനായി നിയമവകുപ്പ് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിനെ ഏല്‍പിച്ചിരുന്നു. 1073 പേജുള്ള റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയാണ് എംഎല്‍എമാര്‍ക്ക് നല്‍കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് വെബ്‌സൈറ്റിലും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com