കേരളത്തിനെതിരെ നടക്കുന്നത് ദേശീയതലത്തിലുള്ള ഗൂഢാലോചന; കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം

രാഷ്ട്രപതിക്ക് ലഭിച്ച പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ കേന്ദ്രമാണ്. അവയുടെ ഉള്ളടക്കം ഒന്നാണ്
കേരളത്തിനെതിരെ നടക്കുന്നത് ദേശീയതലത്തിലുള്ള ഗൂഢാലോചന; കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം

കൊച്ചി: രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. പരാതിയുമായി ബന്ധപ്പെട്ട് നടക്കുന്നത് ദേശീയ തലത്തിലുള്ള ഗൂഢാലോചനയാണ്. പരാതികള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

രാഷ്ട്രപതിക്ക് ലഭിച്ച പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ കേന്ദ്രമാണ്. അവയുടെ ഉള്ളടക്കം ഒന്നാണ്. ഇരുപതോളം പരാതികള്‍ രാഷ്ട്രപതിക്ക് ലഭിച്ചത് മാര്‍ച്ച് ആദ്യവാരമാണ്. ഇത് ഗൂഢാലോചന വ്യക്തമാക്കുന്നതാണ്.

അന്വേഷണം ഏറ്റെടുക്കാമെന്ന സിബിഐയുടെ നിലപാട് ഇരട്ടത്താപ്പാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഹര്‍ജിക്കാരായ തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി ട്രസ്റ്റിന് പൊതുതാല്‍പര്യമില്ല. ഹര്‍ജിയും പരാതികളും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. 

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് അടിയോടി ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഞ്ച് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com