കോണ്‍ഗ്രസ് കേരളത്തെ മാനം കെടുത്തി; പുറത്തുവന്നത് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരുടെ തനിനിറം: കോടിയേരി ബാലകൃഷ്ണന്‍

പ്രതികളാകാന്‍ പോകുന്നവരെ യുഡിഎഫ് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രേരിതമെന്ന ചെന്നിത്തലയുടെ ആരോപണം ബാലിശമാണ്
കോണ്‍ഗ്രസ് കേരളത്തെ മാനം കെടുത്തി; പുറത്തുവന്നത് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരുടെ തനിനിറം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: രാജ്യത്തിന് മുന്നില്‍ കോണ്‍ഗ്രസും യുഡിഎഫും കേരളത്തെ മാനംകെടുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍. സോളാര്‍ കേസ് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ച് പശ്ചാതലത്തില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനത്തെ യുഡിഎഫ് നേതാക്കള്‍ മലിനമാക്കി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ തനിനിറമാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. പ്രതികളാകാന്‍ പോകുന്നവരെ യുഡിഎഫ് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രേരിതമെന്ന ചെന്നിത്തലയുടെ ആരോപണം ബാലിശമാണ്. ജസ്റ്റിസ് ശിവരാമന്‍ കമ്മീഷനെ നിയമിച്ചത് തന്നെ യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് തന്നെ നിയമിച്ചൊരു കമ്മീഷന്റെ നിഗമനങ്ങളെ പ്രതിപക്ഷ നേതാവ് അംഗീകരിക്കാത്തത് തങ്ങള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് വന്നില്ല എന്നതുകൊണ്ടാണ്.ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.അദ്ദേഹം പറഞ്ഞു. 

ചെന്നിത്തലയുടെ യാത്രയില്‍ നിന്ന് ആരോപണ വിധേയരെ മാറ്റി നിര്‍ത്തുമോയെന്നും കോടിയേരി ചോദിച്ചു.  ഉമ്മന്‍ചാണ്ടിക്കെതിരെ പടയൊരുക്കം നടത്തുന്നത് എല്‍ഡിഎഫ് അല്ല, കോണ്‍ഗ്രസുകാര്‍ തന്നെയാണ്. എംപിമാര്‍ ഉള്‍പ്പെട്ടതുകൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്റും സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കണം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗുരുതരമാണെന്ന വി.എം സുധീരന്റെ നിഗമനം സംബന്ധിച്ച പ്രതികരണം എന്താണ് എന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 മുഖം വികൃതമായത് കാട്ടിയ കണ്ണാടി തല്ലിപ്പൊട്ടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഉമ്മന്‍ചാണ്ടി കളവു പറഞ്ഞു എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ പൊതുസ്ഥാനത്തിരിക്കുന്ന ആരോപണ വിധേയരായ വ്യക്തികള്‍ മാറി നില്‍ക്കണം. ആരോപണ വിധേയവരാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടുപോകണം എന്നാണ് സിപിഎം നിലപാടെന്നും കോടിയേരി വ്യക്തമാക്കി. 

സ്വാഭാവിക നീതി രണ്ട് ചാണ്ടിമാര്‍ക്കും ഒരുപോലെയാണെന്ന് തോമസ് ചാണ്ടി വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. തോമസ് ചാണ്ടി വിഷയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ കുറച്ചിട്ടില്ലെന്നും കോടിയേരി പറ്ഞ്ഞു. 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍  സര്‍ക്കാരിന്റെ തുടരന്വേഷണം ഭയപ്പെടുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. അഴിമതിയും ലൈംഗികാരോപണം എവിടെ നിന്നുണ്ടായി എന്നറിയില്ല. കണ്ണാടിക്കൂട്ടില്‍ ഇരിക്കുന്ന ആളല്ല ഞാനെന്ന് എല്ലാവര്‍ക്കും അറിയാം.ഇന്നു വരെ ഇതുപോലെ ആക്ഷേപം എന്റെ പേരില്‍ ഉണ്ടായിട്ടില്ല. എന്റെ സമീപനം എല്ലാവര്‍ക്കും അറിയാം. ജനങ്ങളുമായി അടുത്തുനില്‍ക്കുന്ന ആളാണ്. ഇത്തരം ബലഹീനതയുണ്ടെങ്കില്‍ നേരത്തെ വരേണ്ടതല്ലേ.ഇവരുടെ ആക്ഷേപത്തിന്റെ പുറത്ത് എന്റെ പൊതുപ്രവര്‍ത്തനം ഇല്ലാതാക്കാനാകില്ല. അഴിമതി ലൈംഗിക പീഡനം ഈ രണ്ടു കാര്യത്തില്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ പിന്നെ ഞാന്‍ പൊതു പ്രവര്‍ത്തനത്തിലുണ്ടാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com