സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സഭയില്‍; മുഖ്യമന്ത്രി പ്രസ്താവന നടത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2017 07:03 AM  |  

Last Updated: 09th November 2017 07:15 AM  |   A+A-   |  

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വെയ്ക്കും. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഇന്ന് സഭയുടെ മേശപ്പുറത്ത് വെയ്ക്കും. ഇതിനായി രാവിലെ ഒമ്പതിനാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. 

വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ എന്‍ എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാനടപടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. റിപ്പോര്‍ട്ടിന്‍മേല്‍ സഭാചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി  പ്രസ്താവന നടത്തും. തുടര്‍ന്ന് എല്ലാ എംഎല്‍എമാര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിതരണം ചെയ്യും. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ഉണ്ടായിരിക്കില്ല. തുടര്‍ന്ന് സഭ പിരിയും. 

കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളെ അനുവദിച്ചിട്ടുണ്ട്. സഭയില്‍വെക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കും.