തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഇടതുമുന്നണിയും സര്‍ക്കാരും തീരുമാനിക്കുമെന്ന് എ കെ ശശീന്ദ്രന്‍

തോമസ് ചാണ്ടിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍ ബന്ധമില്ലെന്നും ഏ കെ ശശീന്ദ്രന്‍
തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഇടതുമുന്നണിയും സര്‍ക്കാരും തീരുമാനിക്കുമെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഇടതുമുന്നണിയും സര്‍ക്കാരും തീരുമാനിക്കുമെന്ന് എന്‍സിപി എംഎല്‍എയും മുന്‍മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. അത് അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും. തോമസ് ചാണ്ടിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍ ബന്ധമില്ലെന്നും ഏ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. രാജിക്കാര്യത്തില്‍ തോമസ് ചാണ്ടിയോട് സ്വയം തീരുമാനമെടുക്കാന്‍ ഇടതുമുന്നണി നേതൃത്വം സൂചിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ശശീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

തോമസ് ചാണ്ടി രാജിവെച്ചാല്‍ രണ്ടംഗങ്ങളുള്ള എന്‍സിപിയില്‍ നിന്ന് പകരം മന്ത്രിയാകാന്‍ ആരുമില്ലാത്ത അവസ്ഥ വരും. നേരത്തെ 
ഫോണ്‍ കെണിയില്‍പ്പെട്ട് ശശീന്ദ്രന്‍ രാജിവെച്ചപ്പോഴാണ് പകരക്കാരനായി തോമസ് ചാണ്ടി മന്ത്രിസഭയിലെത്തിയത്. എന്നാല്‍ തോമസ് ചാണ്ടി രാജിവെച്ചാല്‍, ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പിലെത്തിച്ച് വീണ്ടും മന്ത്രിയാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഭൂമി, കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിയോട്, നിലവിലെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വയം തീരുമാനമെടുക്കാനാണ് ഇടതുനേതൃത്വം നിര്‍ദേശം നല്‍കിയത്. തോമസ് ചാണ്ടിയെ ഇനിയും പിന്തുണയ്‌ക്കേണ്ടെന്ന് സിപിഎം നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്. തോമസ് ചാണ്ടി സ്വയം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുന്നത് അടക്കം തീരുമാനിക്കാന്‍ ഇടതുമുന്നണി നേതൃയോഗവും ഉടന്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com