ദേവസ്വം ഓര്‍ഡിനന്‍സിനെതിരെ ബിജെപി; ഒപ്പിടരുതെന്ന് ഗവര്‍ണര്‍ക്കു കുമ്മനത്തിന്റെ കത്ത്‌

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചു കൊണ്ടുളള ദേവസ്വം ഓര്‍ഡിനന്‍സിന് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു
ദേവസ്വം ഓര്‍ഡിനന്‍സിനെതിരെ ബിജെപി; ഒപ്പിടരുതെന്ന് ഗവര്‍ണര്‍ക്കു കുമ്മനത്തിന്റെ കത്ത്‌

തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ദേവസ്വം ഓര്‍ഡിനന്‍സിന് എതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത് എന്ന് കാണിച്ച് കുമ്മനം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചു കൊണ്ടുളള ദേവസ്വം ഓര്‍ഡിനന്‍സിന് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.  ഇതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തായി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചു.

കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് നിയമിച്ചത്. എന്നാല്‍ ഇടതുമുന്നണി അധികാരത്തിലേറിയ ശേഷം പല കാര്യങ്ങളിലും സര്‍ക്കാരുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ഏറ്റവുമൊടുവില്‍ ശബരിമലയിലെസ്ത്രീ പ്രവേശന വിഷയത്തിലും സര്‍ക്കാര്‍ തീരുമാനത്തിന് എതിരായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാട്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് തള്ളിയായിരുന്നു ഇടതുസര്‍ക്കാരിന്റെ സത്യവാങ്മൂലം. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ തള്ളിയ പ്രയാര്‍ ഗോപാലകൃഷ്ണന്‍, കുടുംബത്തില്‍ പിറന്ന, ദൈവവിശ്വാസമുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ സന്നിധാനത്ത് എത്തണമെന്ന നിലപാട് സ്വീകരിക്കില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com