'രാജി വെക്കേണ്ട സാഹചര്യമില്ല'; തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി

കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയവും വസ്തുതാവിരുദ്ധവുമാണ്. അതിനാല്‍ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്ന്‌ പീതാംബരന്‍ മാസ്റ്റര്‍
'രാജി വെക്കേണ്ട സാഹചര്യമില്ല'; തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി

കൊച്ചി : മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി സംസ്ഥാന നേതൃത്വം. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍. കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി, മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. 

മന്ത്രി കൈയേറ്റം നടത്തിയിട്ടില്ലെന്നാണ് എന്‍സിപി വിശ്വസിക്കുന്നത്. ഇക്കാര്യം മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയവും വസ്തുതാവിരുദ്ധവുമാണ്. അതിനാല്‍ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്തായാലും കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം അനുകൂലമാകുമെന്നാണ് പാര്‍ട്ടിയുടെ ഉറച്ച വിശ്വാസം. 

നിയമോപദേശം വന്ന ശേഷം ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. മന്ത്രി കൈയേറ്റം നടത്താത്ത സാഹചര്യത്തില്‍ നിയമോപദേശം എതിരാകില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വിശ്വാസം പ്രകടിപ്പിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉയരുന്ന സമ്മര്‍ദ്ദങ്ങളില്‍ വഴങ്ങില്ല. മന്ത്രിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് ആസൂത്രിതമായ ഒന്നാണെന്നും പീതാംബരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയോ, സിപിഎം നേതൃത്വമോ അറിയിച്ചിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. 

ഭൂമി, കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിയോട്, നിലവിലെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വയം തീരുമാനമെടുക്കാന്‍ ഇടതുനേതൃത്വം തോമസ് ചാണ്ടിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തോമസ് ചാണ്ടിയെ ഇനിയും പിന്തുണയ്‌ക്കേണ്ടെന്ന് സിപിഎം നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്. തോമസ് ചാണ്ടി സ്വയം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുന്നത് അടക്കം തീരുമാനിക്കാന്‍ ഇടതുമുന്നണി നേതൃയോഗവും ഉടന്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com