"രാജി സ്വയം തീരുമാനിക്കുക"; തോമസ് ചാണ്ടിയെ കൈവിട്ട് സിപിഎം

സാഹചര്യം മനസ്സിലാക്കി രാജി സ്വയം തീരുമാനിക്കണമെന്ന് ഇടതുമുന്നണി നേതൃത്വം തോമസ് ചാണ്ടിയെ അറിയിച്ചു
"രാജി സ്വയം തീരുമാനിക്കുക"; തോമസ് ചാണ്ടിയെ കൈവിട്ട് സിപിഎം

തിരുവനന്തപുരം : ഭൂമി, കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ കൈവിട്ട് സിപിഎം. ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ ഇനിയും പിന്തുണയ്‌ക്കേണ്ടെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. സാഹചര്യം മനസ്സിലാക്കി രാജി സ്വയം തീരുമാനിക്കണമെന്ന് ഇടതുമുന്നണി നേതൃത്വം തോമസ് ചാണ്ടിയെ അറിയിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് എതിരായതും കോടതിയുടെ രൂക്ഷവിമര്‍ശനവും കണക്കിലെടുത്താണ് സിപിഎം നിലപാട് കര്‍ക്കശമാക്കിയത്. തോമസ് ചാണ്ടിക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാണ് റവന്യൂവകുപ്പിന്റെയും സിപിഐയുടെയും നിലപാട്. ഇക്കാര്യം മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുകയായിരുന്നു. 

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസും യുഡിഎഫും പ്രതിരോധത്തിലാണ്. ഇതിന്റെ ക്ഷീണം മറികടക്കുക ലക്ഷ്യമിട്ട് തോമസ് ചാണ്ടി വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുമെന്ന് മുന്നണി നേതൃത്വം കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് രാജിക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തോമസ് ചാണ്ടി സ്വയം രാജിവെച്ചില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ ഇടതുമുന്നണി യോഗം വിളിച്ചുചേര്‍ക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനോട് ആവശ്യപ്പെട്ടിട്ടുള്ളതായാണ് സൂചന. 

തോമസ് ചാണ്ടി ഘടകകക്ഷിയുടെ നേതാവായതിനാല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി പുറത്താക്കിയാല്‍ മുന്നണിയെ ഏതുതരത്തില്‍ ബാധിക്കും എന്നത് അടക്കമുള്ള കാര്യങ്ങള്‍ മുന്നണിയോഗം വിലയിരുത്തും. അതിനിടെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com