സ്‌റ്റേറ്റ് അറ്റോര്‍ണി ഹാജരായില്ല; തോമസ് ചാണ്ടിക്കെതിരായ കേസ് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

അറ്റോര്‍ണി ഹാജരാകാത്ത സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു
സ്‌റ്റേറ്റ് അറ്റോര്‍ണി ഹാജരായില്ല; തോമസ് ചാണ്ടിക്കെതിരായ കേസ് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി : തോമസ് ചാണ്ടിയുടെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനായ സ്‌റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. സ്‌റ്റേറ്റ് അറ്റോര്‍ണി സ്ഥലത്തില്ലെന്നും, മറ്റ് ആവശ്യങ്ങള്‍ക്കായി പോയിരിക്കുന്നതിനാല്‍ ഹര്‍ജി മാറ്റിവെയ്ക്കണമെന്നും എജിയുടെ ഓഫീസിലെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ജഡ്ജിമാരായ പിഎന്‍ രവീന്ദ്രന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

നെല്‍വയല്‍ തണ്ണീര്‍ത്തട നിയവവും നിലം നികത്തല്‍ നിയവും ലംഘിച്ചാണ് തോമസ് ചാണ്ടി ഭൂമി നികത്തിയതെന്നും, തോമസ് ചാണ്ടിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പാടശേഖര സമിതി, പഞ്ചായത്തംഗം വിനോദന്‍, തൃശൂര്‍ സ്വദേശി മുകുന്ദന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. അറ്റോര്‍ണി ഹാജരാകാത്ത സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. 

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. മന്ത്രിയ്ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് ചോദിച്ച കോടതി, സാധാരണക്കാരന്‍ നിലം നികത്തിയാലും ഇതേ നിലപാടാണോ സ്വീകരിക്കുക എന്നും ചോദിച്ചിരുന്നു. പാവപ്പെട്ടവനാണെങ്കില്‍ ബുള്‍ഡോസര്‍ കൊണ്ടായിരിക്കില്ലേ മറുപടി പറയുക എന്നും കോടതി രൂക്ഷമായ ഭഷയില്‍ ചോദിച്ചിരുന്നു. 

തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. എന്നാല്‍ എന്ന് അന്വേഷണം പൂര്‍ത്തിയാകുമെന്ന കോടതിയുടെ ചോദ്യത്തിന് അറ്റോര്‍ണി വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് എല്ലാവര്‍ക്കും തുല്യനീതിയാണ് നല്‍കേണ്ടതെന്ന് കോടതി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com