ഇസ്‌ലാമിലേക്ക് മതം മാറ്റി ഐഎസിന്റെ ലൈംഗിക അടിമയാക്കാന്‍ ശ്രമിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി ഹൈക്കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 11th November 2017 05:25 PM |
Last Updated: 11th November 2017 05:25 PM | A+A A- |

കൊച്ചി: ഹിന്ദു മതത്തില്‍ നിന്നും നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കേറ്റുകള്‍ ചമച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് ഹൈക്കോടതിക്ക് യുവതിയുടെ പരാതി. പത്തനംതിട്ട സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ന്യൂ മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് എന്നയാള്‍ സൗദിയിലേക്ക് കൊണ്ടുപോകുകയും അവിടെനിന്ന് സിറിയയിലേക്ക് കടത്തി ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് ലൈംഗിക അടിമയാക്കി നല്‍കാന്‍ ശ്രമിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.
പത്തനംതിട്ട സ്വദേശിനിയായ യുവതി ഗുജറാത്തില്‍ കുടുംബത്തിനൊപ്പം താമസിച്ചുവരുമ്പോഴാണ് മതപരിവര്‍ത്തനം നടത്തി സൗദിയിലേക്ക് കടത്തപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയതിന് ശേഷമാണ് കോടതിയെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതും റിയാസുമായുള്ള വിവാഹം നടന്നതും കണ്ണൂരിലുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെയാണെന്നും പരാതിയില്‍ പറയുന്നു. വിഷയം എന്‍ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് യുവതിയുടെ ആവശ്യം.
2014ല്‍ ബംഗളൂരുവില്‍ കോളജില്‍ പഠിക്കുന്ന സമയത്താണ് യുവതി മുഹമ്മദ് റിയാസിനെ പരിജയപ്പെടുന്നത്.അയാള്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന് യുവതിയുടെ അഭിഭാഷകന്‍ വി.സേതുനാഥ് പറഞ്ഞതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് രഹസ്യമായി ചിത്രീകരിച്ച് റിയാസ് ഇതുകാട്ടി വീണ്ടും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവതിയെ പ്രേരിപ്പിക്കുകയായിരുന്നു.
ശേഷം മതപരിവര്‍ത്തനം നടത്താന്‍ യുവതിയെ ഒരു മദ്രസയില്‍ ചേര്‍ക്കുകയും അവിടെവെച്ച് വ്യാജ വിവാഹ രേഖകള്‍ ചമയ്ക്കുകയും ചെയ്തു. പുതിയ മുസ്‌ലിം പേരില്‍ ആധാര്‍ കാര്‍ഡ് വരെ നിര്‍മ്മിച്ചു. 2016 മേയില്‍ ഇവരുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ് രേഖകള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അഭിഭാഷകന്‍ പറയുന്നു.
മുഹമ്മദിനും കുടുംബത്തിനും യുവതിയെ മതപരിവര്‍ത്തനം നടത്താനായി അനധികൃതമായി പണവും സ്വര്‍ണാഭരണങ്ങളും പാരിദോഷികമായി ലഭിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഡിസംബറിലാണ് യുവതി നാട്ടിലെത്തിയത്. മുഹമ്മദിന്റെ ഭീഷണി ഭയന്ന് മാത്രമാണ് യുവതി കൂടെപ്പോയത് എന്നാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.
കഴിഞ്ഞ ആഗസ്റ്റിലാണ് മുഹമ്മദും കുടുംബവും സൗദിയിലേക്ക് പോയത്. വിസിറ്റിങ് വിസയിലാണ് യുവതിയെ കൊണ്ടുപോയത്. ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കാണാന്‍ മുഹമ്മദ് യുവതിയെ നിര്‍ബന്ധിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
ഒക്ടോബറില്‍ ഒരു മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ച് ഗുജറാത്തിലെ കുടുംബവുമായി ബന്ധപ്പെട്ട യുവതി പിതാവിന്റെ സുഹൃത്തിന്റെ സഹായത്തോടെയാണ് സൗദിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയതെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് ശക്തമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് യുവതി പരാതിയുമായി രംഗത്തെത്തയിരിക്കുന്നത്.