ഒന്‍പതു മണിക്കു ശേഷം ഒരു തവണ പോലും സരിതയെ വിളിച്ചിട്ടില്ല; ഒരു മിനിറ്റില്‍ കൂടുതല്‍ സംസാരിച്ചിട്ടുമില്ലെന്ന് വേണുഗോപാല്‍

വിചാരണ വേളയില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു തെളിവും ഹാജരാക്കിയിട്ടില്ല, ധൈര്യമായി പൊയ്‌ക്കോളൂ  എന്നാണ് കമ്മിഷന്‍ പറഞ്ഞത്
ഒന്‍പതു മണിക്കു ശേഷം ഒരു തവണ പോലും സരിതയെ വിളിച്ചിട്ടില്ല; ഒരു മിനിറ്റില്‍ കൂടുതല്‍ സംസാരിച്ചിട്ടുമില്ലെന്ന് വേണുഗോപാല്‍

ആലപ്പുഴ: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഒരു പരിശോധനയുമില്ലാതെ സരിത എസ് നായരുടെ കത്ത് ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കെസി വേണുഗോപാല്‍ എംപി. വിശ്വാസ്യതയോ തെളിവുകളുടെ പിന്‍ബലമോ പരിശോധിക്കാതെ കത്ത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. സാമാന്യ മര്യാദയില്ലാതെയാണ് ഇക്കാര്യത്തില്‍ കമ്മിഷന്‍ പ്രവര്‍ത്തിച്ചതെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.

തനിക്കെതിരെ ഡിജിറ്റല്‍ തെളിവുകളൊന്നും ഇല്ലെന്നു കമ്മിഷന്‍ തന്നെ വ്യക്തമാക്കിയതാണ്. വിചാരണ വേളയില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു തെളിവും ഹാജരാക്കിയിട്ടില്ല, ധൈര്യമായി പൊയ്‌ക്കോളൂ  എന്നാണ് കമ്മിഷന്‍ പറഞ്ഞത്. സരിത തെളിവു ഹാജരാക്കിയവര്‍ക്കെല്ലാം അതിന്റെ കോപ്പി നല്‍കിയിട്ടുണ്ടെന്നും തനിക്കു കോപ്പി നല്‍കാത്തത് തെളിവ് ഇല്ലാത്തതുകൊണ്ടാണെന്നും കമ്മിഷന്‍ പറഞ്ഞു. സരിതയുടെ കത്ത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ കമ്മിഷന്‍ ഇതെന്താണ് ചേര്‍ക്കാതിരുന്നതെന്ന് വേണുഗോപാല്‍ ചോദിച്ചു.

നാല്‍പ്പതു വര്‍ഷമായി പൊതുരംഗത്തുള്ള തനിക്ക് ഇതുവരെ കേള്‍ക്കാത്ത ആക്ഷേപങ്ങളാണ് സോളാര്‍ കേസിന്റെ പേരില്‍ കേള്‍ക്കേണ്ടി വരുന്നത്. ടെലിഫോണ്‍ രേഖകളാണ് തനിക്കെതിരായ തെളിവുകളായി പറയുന്നത്. 57 തവണ സരിതയുമായി സംസാരിച്ചെന്നു പറയുന്നതില്‍ 52 തവണയും അവര്‍ ഇങ്ങോട്ടു വിളിച്ചതാണ്. അഞ്ചു തവണ മാത്രമാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഈ ടെലിഫോണ്‍ സംഭാഷണങ്ങളെല്ലാം ഒരു മിനിറ്റില്‍ താഴെ മാത്രമാണ്. രാത്രി ഒന്‍പതുമണിക്കു ശേഷം ഒരു കോള്‍ പോലും പോയിട്ടില്ല. വസ്തുതകള്‍ ഇതൊക്കെയായിരിക്കെയാണ് രാത്രി മുഴുവന്‍ മണിക്കൂറുകളോളും സരിതയെ വിളിച്ചെന്നു പ്രചരിപ്പിക്കുന്നത്. കോളുകള്‍ യാഥാര്‍ഥ്യം ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ. കേട്ടാലറയ്ക്കുന്ന വൃത്തികെട്ട കഥകളാണ് തനിക്കെതിരെ പ്രചരിക്കപ്പെടുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com