ഫസല്‍ ഗഫൂര്‍ വഞ്ചിച്ചു; എംഇഎസ് സമരം കടുപ്പിച്ച് എസ്എഫ്‌ഐ

എംഇഎസിന്റെ വിവിധ കോളജുകളിലെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താനും പൊന്നാനി കോളജിലേക്ക് ആയിരങ്ങളെ അണിനിരത്തി മാര്‍ച്ച് നടത്താനും എസ്എഫ്‌ഐ
ഫസല്‍ ഗഫൂര്‍ വഞ്ചിച്ചു; എംഇഎസ് സമരം കടുപ്പിച്ച് എസ്എഫ്‌ഐ

മലപ്പുറം: ക്യാംപസ് രാഷ്ട്രീയത്തിനെതിരായ ഹൈക്കോടതി വിധിയിലേക്കു നയിച്ച പൊന്നാനി എംഇഎസ് കോളജിലെ സമരം കടുപ്പിക്കാന്‍ തീരുമാനിച്ച് എസ്എഫ്‌ഐ. എംഇഎസിന്റെ വിവിധ കോളജുകളിലെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താനും പൊന്നാനി കോളജിലേക്ക് ആയിരങ്ങളെ അണിനിരത്തി മാര്‍ച്ച് നടത്താനും എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 

20ന് നടത്തുന്ന മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എം.വിജിന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച കോളജിനു സമീപത്തെ ബസ് സ്റ്റാന്‍ഡില്‍ ബഹുജനറാലിയും 14, 15 തീയതികളില്‍ വാഹനപ്രചാരണ ജാഥയും നടക്കും. 

ഒക്ടോബര്‍ 28ന് മന്ത്രി സി.രവീന്ദ്രനാഥിന്റെയും എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറിന്റെയും സാന്നിധ്യത്തില്‍ തൃശൂരില്‍ നടന്ന ചര്‍ച്ചയിലെ ധാരണ തകര്‍ക്കുംവിധം പ്രവര്‍ത്തകര്‍ക്കെതിരെ കോളജ് വീണ്ടും നടപടിയെടുത്തതാണ് സമരം ശക്തമാക്കാന്‍ കാരണമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. 

ഇടതുസഹയാത്രികനെന്ന വേഷം കെട്ടി വിദ്യാര്‍ഥിവിരുദ്ധ നിലപാട് സ്വീകരിക്കുകയാണ് എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ ചെയ്തതെന്ന് എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആരോപിച്ചു. വിദ്യാര്‍ഥിപക്ഷത്തിനു വേണ്ടിയുള്ള സമരത്തില്‍ സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കൂടെയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ജില്ലാ സെക്രട്ടരി പി.ഷബീര്‍ പറഞ്ഞു. 

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ സമരവും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷവുമാണ് സംഭവവികാസങ്ങളുടെ തുടക്കം. .11 വിദ്യാര്‍ഥികളെ പിരിച്ചുവിടുകയും 16 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ സമരത്തിനെതിരെയാണ് കോളജ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്.  

ഒക്ടോബര്‍ 28നു നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോളജിലെത്തിയ പ്രവര്‍ത്തകര്‍ 5000 രൂപ വീതം പിഴയടച്ചു. തിരിച്ചെടുത്തെന്ന പ്രതീതിയുണ്ടാക്കിയ ശേഷം അവരെ സമരകാലത്തെ ഹാജര്‍ കുറവ് കാട്ടി പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുയാണെന്നും എസ്എഫ്‌ഐ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com