ബ്ലാക് മെയില്‍ ചെയ്തത് ആരാണെന്നറിയാന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം; കെ.സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 11th November 2017 03:00 PM  |  

Last Updated: 11th November 2017 03:00 PM  |   A+A-   |  

 

കോഴിക്കോട്: കേരളത്തിലെ മുന്‍മുഖ്യമന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്ത് കാര്യം നേടിയത് ആരാണെന്ന് കണ്ടെത്താന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഗുരുതരമായ വെളിപ്പെടുത്തല്‍ ഉമ്മന്‍ ചാണ്ടി നടത്തിയിട്ടും മുഖ്യമന്ത്രിയോ പൊലീസോ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണ്. 

ഭീതിയോ പ്രീതിയോ കൂടാതെ ഭരണം നിര്‍വഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭീതിക്കു പാത്രമായി ആര്‍ക്കാണ് പ്രീതി ചെയ്തുകൊടുത്തതെന്ന് വ്യക്തമാക്കണം. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി പറയാന്‍ തയ്യാറായില്ലെങ്കില്‍ പറയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ നിരവധിപേര്‍ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിലൊരാളുടെ വലയില്‍ താന്‍ വീണുപോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. 

ഉമ്മന്‍ചാണ്ടിയെ ബ്ലാക്‌മെയില്‍ ചെയ്തത് ആര്‍. ബാലകൃഷ്ണപിള്ളയാണ് എന്ന് വാര്‍ത്തകള്‍ പ്രചരിച്ചത് നിഷേധിച്ച് രംഗത്തെത്തിയ ഉമ്മന്‍ചാണ്ടി ബ്ലാക്‌മെയില്‍ നടന്നിട്ടുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും സമയമാകുമ്പോള്‍ വെളിപ്പെടുത്തും എന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ബ്ലാക്‌മെയിലിന് ഇരയായി എന്ന ഉമ്മന്‍ചാണ്ടിയുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.