രാജി സന്നദ്ധത അറിയിച്ച് ചാണ്ടി; രാജ്യത്ത് തന്നെ ഒരു മന്ത്രി മാത്രമേയുള്ളെന്നും കാത്തിരിക്കാനും എന്‍സിപി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 11th November 2017 02:37 PM  |  

Last Updated: 11th November 2017 02:37 PM  |   A+A-   |  

 

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ രാജിയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് സിപിഎമ്മും നിലപാടെടുത്തതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് മന്ത്രി തോമസ് ചാണ്ടി. രാജി വെക്കാന്‍ തയ്യാറാണെന്ന് എന്‍സിപി നേതൃത്വത്തിനോട് തോമസ് ചാണ്ടി അറിയിച്ചു. അപമാനം പേറി മന്ത്രിസ്ഥാനത്ത് തുടരാനില്ലെന്ന് ചാണ്ടി നേതൃത്വത്തിനെ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ബുധനാഴ്ച വരാനിരിക്കുന്ന കോടതി വിധി വരെ കാത്തിരിക്കണം എന്നാണ് എന്‍സിപി നേതൃത്വം നല്‍കുന്ന നിര്‍ദേശം. 

രാജ്യത്ത് തന്നെ എന്‍സിപിയ്ക്ക് ഒരു മന്ത്രിയാണ് ഉള്ളതെന്നും അത് നഷ്ടപ്പെടുത്തരുതെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടുണ്ട്. എ.കെ ശശീന്ദ്രന് എതിരായുള്ള ലൈംഗിക ആരോപണ കേസ് ഒത്തുതീര്‍പ്പാകാന്‍ സാധ്യതയുണ്ടെന്നും എന്‍സിപി കണക്കു കൂട്ടുന്നു. 

എന്നാല്‍ രാജി സംബന്ധിച്ച തീരുമാനം എത്രയും വേഗം കൈക്കൊള്ളാനാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം എന്‍സിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയില്‍ ചാണ്ടിയുടെ രാജി എത്രയും വേഗം വേണം എന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയും തീരുമാനം എടുക്കാതിരിക്കുന്നത് മുന്നണിക്കും സര്‍ക്കാരിനും മാനക്കേടാണെന്നും ഞായറാഴ്ച നടക്കാനിരിക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ രാജി തീരുമാനം അറിയിക്കണം എന്നുമാണ് സിപിഎം എന്‍സിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണി നാറിക്കൊണ്ടേയിരിക്കുമെന്നും രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. രാജി ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎമ്മിേേനാട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.