അടിയന്തര ഇടതുമുന്നണി നേതൃയോഗം ഇന്ന് ; തോമസ് ചാണ്ടിയ്ക്ക് നിര്‍ണായകം 

തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് എകെജി സെന്ററിലാണ് യോഗം. മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്
അടിയന്തര ഇടതുമുന്നണി നേതൃയോഗം ഇന്ന് ; തോമസ് ചാണ്ടിയ്ക്ക് നിര്‍ണായകം 

തിരുവനന്തപുരം : അടിയന്തര ഇടതുമുന്നണി നേതൃയോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് എകെജി സെന്ററിലാണ് യോഗം. മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയം ചര്‍ച്ച ചെയ്യാനാണ് അടിയന്തരമായി എല്‍ഡിഎഫ് യോഗം ചേരുന്നത്. ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് സര്‍ക്കാറിന് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് നിയമോപദേശം നല്‍കിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്നും എജി വ്യക്തമാക്കിയിട്ടുണ്ട്. 

എജിയുടെ നിയമോപദേശവും എതിരായ സാഹചര്യത്തില്‍ തോമസ് ചാണ്ടിയോട് ഇടതുമുന്നണി നേതൃയോഗം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടേക്കും. കൈയേറ്റം വ്യക്തമായ സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടുകഴിഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കെതിരെ കടുത്ത വിമര്‍ശനം തോമസ് ചാണ്ടി ഉയര്‍ത്തിയതോടെ സിപിഐ നിലപാട് കര്‍ക്കശമാക്കി. എജിയുടെ റിപ്പോര്‍ട്ടും എതിരായ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സമിതിയിലും ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ മുന്നണി ബന്ധവും സര്‍ക്കാര്‍ കാര്യവുമായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താന്‍ എല്‍ഡിഎഫിനെ ചുമതലപ്പെടുത്തി സിപിഎം സംസ്ഥാന സമിതി തീരുമാനമെടുക്കുകയായിരുന്നു. 

അതേസമയം തോമസ് ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് എന്‍സിപി നിലപാട്. അഥവാ തോമസ് ചാണ്ടി ഒഴിഞ്ഞാല്‍ എ കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്നും എന്‍സിപി യോഗത്തില്‍ ആവശ്യപ്പെടും. ഇടതുമുന്നണി യോഗത്തിനായി തിരുവനന്തപുരത്തെത്തിയ മന്ത്രി തോമസ് ചാണ്ടി, രാജി ആവശ്യത്തെ പരിഹസിച്ചു തള്ളി. ചിലപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞ് ഒരു രാജി ഉണ്ടായേക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. രാജ്യത്ത് ഒരേ ഒരു മന്ത്രി മാത്രമേ പാര്‍ട്ടിയ്ക്ക് ഉള്ളൂ എന്നതും സ്ഥാനം വിട്ടുകൊടുക്കുന്നതില്‍ എന്‍സിപിയ്ക്ക് വിഷമമുണ്ട്. അതുകൊണ്ടുതന്നെ കോടതി നിലപാട് എതിരായാല്‍ മാത്രം രാജിവെയ്ക്കാമെന്നാണ് എന്‍സിപി നേതൃത്വം പറയുന്നത്. എന്നാല്‍ എല്‍ഡിഎഫ് നേതൃത്വം ഇത് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. 

മാര്‍ത്താണ്ഡം കായല്‍ ഭൂമി കയ്യേറ്റത്തിലും, ലേക്ക് പാലസ് റോഡിന്റെ പേരിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് ആലപ്പുഴ ജില്ല കളക്ടര്‍ ടി വി അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പുറമേ കയ്യേറ്റത്തില്‍ മന്ത്രിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രി നിയമത്തിന് അതീതനാണോ എന്നും, സാധാരണക്കാരന്‍ ഒരു തുണ്ട് ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ സ്വീകരിക്കുകയെന്നും കോടതി ചോദിച്ചിരുന്നു.  പാവപ്പെട്ടവന്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ കൊണ്ടായിരിക്കില്ലേ മറുപടിയെന്നും കോടതി ചോദിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com