അടുത്ത മന്ത്രിസഭയില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാകും; നിലപാട് ആവര്‍ത്തിച്ച് തുഷാര്‍ വെള്ളാപ്പള്ളി 

ബിഡിജെഎസിനെ സംബന്ധിച്ചിടത്തോളം അധികാരത്തില്‍ എത്തുക എന്നതാണ് പ്രധാനം
അടുത്ത മന്ത്രിസഭയില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാകും; നിലപാട് ആവര്‍ത്തിച്ച് തുഷാര്‍ വെള്ളാപ്പള്ളി 

കോഴിക്കോട് : സംസ്ഥാനത്തെ അടുത്ത സര്‍ക്കാരില്‍ ബിഡിജെഎസും പങ്കാളികളായിരിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അടുത്ത മന്ത്രിസഭയില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാകും. ഒരു കക്ഷിയുടെ സഖ്യകക്ഷിയാകാന്‍ വേണ്ടി മാത്രം തുടങ്ങിയതല്ല ഈ പാര്‍ട്ടിയെന്നും തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബിഡിജെഎസിനെ സംബന്ധിച്ചിടത്തോളം അധികാരത്തില്‍ എത്തുക എന്നതാണ് പ്രധാനം. 95 ശതമാനം സ്ഥലങ്ങളിലും ഇപ്പോള്‍ ബൂത്ത് കമ്മിറ്റികളായി. പത്ത് ജില്ലകളില്‍ പാര്‍ട്ടിയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ഒരു തരത്തിലും ബിഡിജെഎസിനെ അനുവദിക്കുകയില്ലെന്ന് പറഞ്ഞിരുന്നവര്‍ പോലും ഇന്ന് മുന്നണിയിലേക്ക് ക്ഷണിക്കുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

നേരത്തെ ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്നണിയില്‍ തുടര്‍ന്നതുകൊണ്ട് പാര്‍ട്ടിയ്ക്ക് കാര്യമായ നേട്ടങ്ങള്‍ ഒന്നുമില്ലാത്തതും, മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ട പദവികള്‍ ഇതുവരെ ലഭിക്കാത്തതുമാണ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതിന് ബിഡിജെഎസിനെ പ്രേരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com