എബിവിപി പരിപാടിക്ക് വന്ന ഉത്തരേന്ത്യന്‍ പ്രവര്‍ത്തകര്‍ വിരസത അകറ്റിയത് പുന്നപ്ര വയലാര്‍ വിപ്ലവഗാനം പാടി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th November 2017 09:57 AM |
Last Updated: 12th November 2017 09:57 AM | A+A A- |

തിരുവനന്തപുരം : കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയുള്ള മഹാറാലിയില്‍ പങ്കെടുക്കാന്‍ വന്ന എബിവിപി പ്രവര്‍ത്തകരുടെ സംഘം ട്രെയിനില്‍ വിരസത അകറ്റിയത് പുന്നപ്ര വയലാര്‍ വിപ്ലവഗാനം പാടി. തിരുവനന്തപുരത്ത് നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കാനാണ് രാജസ്ഥാനില്‍നിന്നുള്ള എബിവിപി പ്രവര്‍ത്തകര്‍ മുംബൈയില്‍ നിന്നും നേത്രാവതി എക്‌സ്പ്രസില്‍ കയറിയത്. ഇതേ ട്രെയിനിയില്‍ പനവേല്‍ ജംഗ്ഷനില്‍ നിന്നും മുംബൈയിലെ പരിപാടികള്‍ കഴിഞ്ഞ് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് പ്രവര്‍ത്തകരും കയറി. എ ബി വി പി പ്രവര്‍ത്തകര്‍ ട്രെയിനില്‍ ജയ് വിളികള്‍ ആരംഭിച്ചപ്പോള്‍, തൊട്ടടുത്ത കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഇപ്റ്റ നാടന്‍പാട്ട് സംഘം വിപ്ലവഗാനങ്ങള്‍ ഉറക്കെ ആലപിച്ചു. ഇതില്‍ ആകൃഷ്ടരായ എ ബി വി പി സംഘം ജയ് വിളി അവസാനിപ്പിച്ച് കൂട്ടത്തോടെ ഇപ്റ്റ പ്രവര്‍ത്തകരോടൊപ്പം പങ്കുചേര്‍ന്നു.
പുന്നപ്ര, വയലാര്‍, കയ്യൂര്‍ രക്തസാക്ഷികളെ ഉള്‍പ്പെടെ സ്മരിക്കുന്ന വിപ്ലവഗാനങ്ങളാണ് ഇപ്റ്റയുടെ നാടന്‍പാട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് 200 പേരോളം വരുന്ന എ ബി വി പിക്കാര്‍ പാടിയത്. 'സമരൈക്യത്തിന്‍ സരണികളില്‍ സംഗീതം പാടും നാട്, കുട്ടനാട്, ശൂരനാട്, പുന്നപ്ര, വയലാര്‍… ഇല്ല നമ്മള്‍ അറിഞ്ഞില്ല, നമ്മള്‍ ഒന്നും സഹിച്ചില്ല. ഈ ഇന്ത്യ സ്വാതന്ത്ര്യം നേടാന്‍, എത്രപേര്‍ മരിച്ചുവീണു, എത്രപേര്‍ രക്തസാക്ഷികളായി.. നല്ലൊരു നാളെയ്ക്കായി ഞങ്ങള്‍ക്കായി തന്ന് പോയവരെ ഈ നാടിന് വേണ്ടി എല്ലാം മറന്ന ധീരനായകരെ..' തുടങ്ങി കയ്യൂര്‍ സമരങ്ങളെക്കുറിച്ചുള്ള പാട്ടുകള്‍ വരെ ഇപ്റ്റ പ്രവര്‍ത്തകര്‍ ആലപിച്ചു.
പാട്ടിന്റെ വരികള്‍ കൃത്യമായി അറിയില്ലെങ്കിലും എബിവിപി പ്രവര്‍ത്തകര്‍ തങ്ങളാല്‍ ആവുംവിധം വിപ്ലവഗാനങ്ങള്‍ ഏറ്റുപാടി. ഇപ്റ്റ ആലപ്പുഴ നാട്ടരങ്ങ് പ്രവര്‍ത്തകരാണ് എബിവിപിക്കാരുടെ വിപ്ലവഗാനാലാപനം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
എബിവിപി പ്രവര്‍ത്തകരുടെ വിപ്ലവഗാനാലാപനം കാണാം