ചാണ്ടിയുടെ രാജി: തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

ചാണ്ടിയുടെ രാജി: തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

തോമസ് ചാണ്ടിയുടെ രാജിയില്‍ ഇന്നത്തെ എല്‍ഡിഎഫില്‍ തീരുമാനമായില്ല - നിലപാട് കടുപ്പിച്ച് സിപിഐ - മുഖ്യമന്ത്രിയുടെ ഇടപെടല്‍ തത്കാലം ചാണ്ടിക്ക് തുണയായി 

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. മന്ത്രിയുടെ രാജി വേണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. നിയമോപദേശം വരെ കാത്തിരിക്കാമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതോടെയാണ് രാജിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാകാഞ്ഞത്. തോമസ് ചാണ്ടിയുടെ രാജി വരുദിനങ്ങളിലുണ്ടാകുമെന്ന് യോഗശേഷം എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു യോഗത്തില്‍ സിപിഐ നിലപാട്. ഹൈക്കോടതിയിലെ കേസുകളില്‍ തീരുമാനം വന്നശേഷമേ നടപടിയുള്ളൂവെന്ന നിലപാട് തുടര്‍ന്നതോടെ രാജിയല്ലാതെ പോംവഴിയില്ലെന്നും രാജിവച്ചു പോകുന്നതാണ് മര്യാദയെന്നും സിപിഐ വ്യക്തമാക്കി. കലക്ടര്‍ക്കെതിരെ മന്ത്രി കോടതിയില്‍ പോയത് ശരിയായില്ലെന്നു ജനതാദളും വ്യക്തമാക്കി.

എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി പിണറായി വിജയനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍ ചര്‍ച്ച നടത്തിയിരുന്നു. തോമസ് ചാണ്ടിയുടെ രാജിവിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചായിരുന്നു ചര്‍ച്ച. ഇതിന്റെ തുടര്‍ച്ചയായിരുന്നു എല്‍ഡിഎഫ് യോഗം. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രി തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ലെന്നും ചാണ്ടി പറഞ്ഞു. ഈ നിലപാട് എല്‍ഡിഎഫ് യോഗത്തിലും ചാണ്ടി ആവര്‍ത്തിച്ചു

രാജിക്കാര്യം തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍സിപി ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ചേരുന്ന എന്‍സിപി നേതൃയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് എല്‍ഡിഎഫ് യോഗത്തെ അറിയിച്ചു. അതേസമയം, പാര്‍ട്ടിക്കു മന്ത്രിയില്ലാത്ത സാഹചര്യം ഒഴിവാക്കണമെന്നാണ് എന്‍സിപി ആഗ്രഹിക്കുന്നത്. ദേശീയ നേതൃത്വവും ഇതേ നിലപാടിലാണ്. തോമസ് ചാണ്ടി രാജിവച്ചാല്‍, കുറ്റവിമുക്തനായെത്തുന്ന എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കാമെന്ന ഉറപ്പ് ലഭിക്കണമെന്ന ആവശ്യവും പാര്‍ട്ടി മുന്നോട്ടുവച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് ഇടതുമുന്നണി ഉറപ്പു നല്‍കിയാല്‍ തോമസ് ചാണ്ടിയുടെ രാജി വൈകിയേക്കില്ലെന്നാണു വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com