'തിടുക്കപ്പെട്ട് നടപടിയെടുക്കരുത്'; തോമസ് ചാണ്ടിക്കായി സമ്മര്‍ദ്ദം ശക്തമാക്കി എന്‍സിപി ദേശീയനേതൃത്വം

തിടുക്കപ്പെട്ട് നടപടി സ്വീകരിക്കരുതെന്ന് പ്രഫുല്‍ പട്ടേല്‍ അടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു 
'തിടുക്കപ്പെട്ട് നടപടിയെടുക്കരുത്'; തോമസ് ചാണ്ടിക്കായി സമ്മര്‍ദ്ദം ശക്തമാക്കി എന്‍സിപി ദേശീയനേതൃത്വം

തിരുവനന്തപുരം : ഭൂമി കൈയേറ്റ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്ന് ഇടതുമുന്നണി നേതൃത്വത്തോട് എന്‍സിപി. പാര്‍ട്ടി ദേശീയ നേതൃത്വമാണ് തോമസ് ചാണ്ടിക്കായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും വിളിച്ചതായാണ് സൂചന. ചൊവ്വാഴ്ച
എന്‍സിപി സംസ്ഥാന നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. ആ യോഗത്തില്‍ ഈ വിഷയങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യും. അതിനാല്‍ അതുവ

രെ സമയം അനുവദിക്കണമെന്നാണ് എന്‍സിപി ദേശീയ നേതൃത്വം ഇടതു മുന്നണിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

എന്‍സിപിയ്ക്ക് രാജ്യത്ത് ഒരു മന്ത്രിസ്ഥാനം മാത്രമാണ് ഉള്ളത്. അത് നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ദേശീയനേതൃത്വം രംഗത്തുവന്നത്. തോമസ് ചാണ്ടി രാജിവെച്ചാല്‍ പകരം എ കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്നും എന്‍സിപി ആവശ്യപ്പെടും. അതേസമയം ശശീന്ദ്രനെതിരായ  ഫോണ്‍വിളി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായിട്ടുണ്ട്. എങ്കിലും ശശീന്ദ്രന്റെ പെണ്‍കെണി വിവാദം ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിലാണ്. കമ്മീഷന്റെ കാലാവധി ഡിസംബര്‍ 31 ന് മാത്രമേ അവസാനിക്കൂ. അതിനാല്‍ അതിനുശേഷം മാത്രമേ ശശീന്ദ്രനെ തിരികെ മന്ത്രിസഭയിലെടുക്കാന്‍ സിപിഎം തയ്യാറാകുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. 

മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയം ചര്‍ച്ച ചെയ്യാനായി അടിയന്തര എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. എകെജി സെന്ററില്‍ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് യോഗം. ഇതിന് മുന്നോടിയായാണ് എന്‍സിപി ദേശീയ നേതൃത്വം തന്നെ തോമസ് ചാണ്ടിക്കായി രംഗത്തെത്തിയത്. 

കൈയേറ്റം വ്യക്തമായ സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടുകഴിഞ്ഞു. ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് സര്‍ക്കാറിന് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് നിയമോപദേശം നല്‍കിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്നും എജി വ്യക്തമാക്കിയിട്ടുണ്ട്. എജിയുടെ റിപ്പോര്‍ട്ടും എതിരായ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സമിതിയിലും ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ മുന്നണി ബന്ധവും സര്‍ക്കാര്‍ കാര്യവുമായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താന്‍ എല്‍ഡിഎഫിനെ ചുമതലപ്പെടുത്തി സിപിഎം സംസ്ഥാന സമിതി തീരുമാനമെടുക്കുകയായിരുന്നു. 

മാര്‍ത്താണ്ഡം കായല്‍ ഭൂമി കയ്യേറ്റത്തിലും, ലേക്ക് പാലസ് റോഡിന്റെ പേരിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് ആലപ്പുഴ ജില്ല കളക്ടര്‍ ടി വി അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പുറമേ കയ്യേറ്റത്തില്‍ മന്ത്രിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രി നിയമത്തിന് അതീതനാണോ എന്നും, സാധാരണക്കാരന്‍ ഒരു തുണ്ട് ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ സ്വീകരിക്കുകയെന്നും കോടതി ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com