'പ്രതികാര നടപടിയല്ല'; നിരവധി അഴിമതി നടത്തിയ ബോര്‍ഡിനെയാണ് പിരിച്ചുവിട്ടതെന്ന് ദേവസ്വം മന്ത്രി 

ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാക്കുക എന്നതാണ് എല്‍ഡിഎഫ് നയം
'പ്രതികാര നടപടിയല്ല'; നിരവധി അഴിമതി നടത്തിയ ബോര്‍ഡിനെയാണ് പിരിച്ചുവിട്ടതെന്ന് ദേവസ്വം മന്ത്രി 

തിരുവനന്തപുരം : നിരവധി അഴിമതി നടത്തിയ ബോര്‍ഡിനെയാണ് പിരിച്ചുവിട്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒത്തിരി ക്രമക്കേടുകളാണ് ബോര്‍ഡില്‍ നടന്നത്. ദേവസ്വം സെക്രട്ടറി വി എസ് ജയകുമാറിന്റേത് അതില്‍ ഒന്നുമാത്രമാണ്. ശബരിമലയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും നടന്ന കൊടിയ അഴിമതികള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതെല്ലാം അന്വേഷണവിധേയമാക്കും. വഴിയേ അതെല്ലാം മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

ദേവസ്വം ബോര്‍ഡിലെ കൊള്ളയും അഴിമതിയും അവസാനിപ്പിക്കുക എന്നത്, ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഒരു ദൗത്യമായി കാണുന്നു. ഇടതുമുന്നണിയുടെ സമീപനവും അതുതന്നെയാണ്. സര്‍ക്കാര്‍ നടപടി പ്രയാര്‍ ഗോപാലകൃഷ്ണനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന ആരോപണം മന്ത്രി നിഷേധിച്ചു. പ്രയാറിനോടുള്ള പ്രതികാരമല്ല ബോര്‍ഡ് പിരിച്ചുവിട്ടതിന് പിന്നില്‍. ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാക്കുക എന്നതാണ് എല്‍ഡിഎഫ് നയം. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നാലു വര്‍ഷമായിരുന്നത് രണ്ടു വര്‍ഷമായി ചുരുക്കിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു. 

മണ്ഡലകാലം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബോര്‍ഡിനെതിരായ നടപടി, തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വാദവും മന്ത്രി തള്ളി. രണ്ടു വര്‍ഷം മുമ്പ്, 2015 നവംബര്‍ 11 നാണ് പയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റത്. ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് നാലു ദിവസം മുമ്പ് മാത്രമാണ് അധികാരമാറ്റമുണ്ടായതെങ്കിലും അന്നും ശബരിമല തീര്‍ത്ഥാടനത്തെ അത് പ്രതികൂലമായി ബാധിച്ചിരുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com