സുപ്രീംകോടതി വിധിവരെ കാത്തിരിക്കാനാണോ തീരുമാനം;എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ-എന്‍സിപി വാക്‌പോര്

തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തോമസ് ചാണ്ടിയും തമ്മില്‍ വാക്‌പോര്
സുപ്രീംകോടതി വിധിവരെ കാത്തിരിക്കാനാണോ തീരുമാനം;എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ-എന്‍സിപി വാക്‌പോര്

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തോമസ് ചാണ്ടിയും തമ്മില്‍ വാക്‌പോര്. ജനജാഗ്രാത യാത്രയിലെ വെല്ലുവിളി സംബന്ധിച്ചായിരുന്നു വാക്‌പോര്. വെല്ലുവിളിക്കാന്‍ പാടില്ലായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചു. തൊട്ടുപിന്നാലെ തോമസ് ചാണ്ടി വിശദീകരണവുമായി എത്തി. താന്‍ വെല്ലുവിളിച്ചത് യുഡിഎഫിനെയാണ് എന്നായിരുന്നു തോമസ് ചാണ്ടിയുടെ മറുപടി. ഹൈക്കോടതി വിധി വരുംവരെ കാത്തിരിക്കണം എന്ന എന്‍സിപിയുടെ  അഭിപ്രായത്തിനോട് സുപ്രീംകോടതി വിധി വരുംവരെ കാക്കാനാണോ തീരുമാനം എന്നായിരുന്നു കാനത്തിന്റെ ചോദ്യം. 

രാജിവയ്ക്കണ്ടാ എന്നാണ് തീരുമാനമെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടുമെന്ന് സിപിഐ നിലപാടെടുത്തു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ചാണ്ടി കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും സിപിഐ വിമര്‍ശിച്ചു. പിന്നാലെ ജനതാദള്‍ എസും സിപിഐ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. എല്‍ഡിഎഫിന്റെ ഭൂരിപക്ഷ നിലപാട് അംഗീകരിക്കുമെന്ന് സിപിഎമ്മും നിലപാടെടുത്തതോടെ എന്‍സിപി ഒറ്റപ്പെടുകയായിരുന്നു. 

ചാണ്ടി സ്വമേധയാ രാജിവച്ച് പുറത്തുപോകുന്നതാണ് നല്ലതെന്ന് സിപിഐ പറഞ്ഞു. രാജി മാധ്യമങ്ങളുടെ അജണ്ടയാണ് എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. കോടതി വിധി വരെ കാക്കണം എന്ന എന്‍സിപി നേതൃത്വത്തിന്റെ ആവശ്യം കണക്കിലെടുത്തു രാജി തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ എല്‍ഡിഎഫ് ചുമതലപ്പെടുത്തുകയായിരുന്നു. രാജിയില്‍ രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് എന്‍സിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. 

വിവാദം ഉയര്‍ന്നുവന്നതുമുതല്‍ ചാണ്ടിയുടെ രാജിക്കായി സിപിഐ രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചാണ്ടിയോട് രാജി ആവശ്യപ്പെടണമെന്ന് സിപിഎമ്മിനോട് സിപിഐ ആവശ്യപ്പെട്ടിരുന്നു. എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി ചേര്‍ന്ന സിപിഎം-സിപിഐ യോഗത്തിലും നിലപാട് മയപ്പെടുത്താന്‍ സിപിഐ തയ്യാറായില്ല. കേസുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിനെതിരെ ചാണ്ടി നടത്തിയ പരാമര്‍ശങ്ങളും റവന്യു വകുപ്പ് നിര്‍ദേശിച്ച അഭിഭാഷകനെ ഹൈക്കോടതിയില്‍ കേസ് വാദിക്കുന്നതില്‍ നിന്ന് മാറ്റിയ എജിയുടെ നീക്കവും സിപിഐയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ചാണ്ടി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഢിക്കെതിരായി ചാണ്ടി നടത്തിയ പരാമര്‍ശം സിപിഐയെ കൂടുതല്‍ പ്രകോപിപ്പിച്ചു. റെഡ്ഢിയാണ് ആദ്യത്തെ അഴിമതിക്കാരന്‍ എന്നായിരുന്നു ചാണ്ടിയുടെ പരാമര്‍ശം. ഇതിനെതിരെ സിപിഐയും യുവജന സംഘടന എഐവൈഎഫും പരസ്യമായി രംഗത്ത് വരികയും എഐവൈഎഫ് ചാണ്ടിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com