"ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളും"; സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ലെന്നും പി ജയരാജന്‍  ( വീഡിയോ ) 

സിപിഎം പ്രവര്‍ത്തകനായ എന്നെ വളര്‍ത്തിയ പാര്‍ട്ടിയ്ക്ക് എന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്. വിമര്‍ശനമില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ലെന്നും പി ജയരാജന്‍
"ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളും"; സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ലെന്നും പി ജയരാജന്‍  ( വീഡിയോ ) 

കണ്ണൂര്‍ :  സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ സമ്മതിച്ച് പി ജയരാജന്‍. പാര്‍ട്ടി അംഗങ്ങളുമായി ബന്ധപ്പട്ട ഏതുകാര്യവും പാര്‍ട്ടി ചര്‍ച്ച ചെയ്യും. അതാണ് ജീവസ്സുറ്റ പാര്‍ട്ടിയുടെ ലക്ഷണം. പാര്‍ട്ടിയിലെ ഉയര്‍ന്ന ഘടകത്തിലെ സഖാക്കള്‍ അടക്കം വിമര്‍ശനത്തിന് വിധേയമാണ്. സ്വയം വിമര്‍ശനം അടക്കം നടത്തിയാണ് താനടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടുപോകുന്നത്. വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുമെന്നും പി ജയരാജന്‍ പറഞ്ഞു. 

സിപിഎം പ്രവര്‍ത്തകനായ എന്നെ വളര്‍ത്തിയ പാര്‍ട്ടിയ്ക്ക് എന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്. ആ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുക. ബ്രാഞ്ച് മുതല്‍ ഏത് പാര്‍ട്ടി കമ്മിറ്റിയിലും വിമര്‍ശനം ഉണ്ടാകണ. വിമര്‍ശനവും സ്വയം വിമര്‍ശനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാപരമായ സവിശേഷതയാണ്. വിമര്‍ശനമില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ലെന്നും പി ജയരാജന്‍ പറഞ്ഞു. 

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വസ്തുതാവിരുദ്ധമാണ്. സംസ്ഥാന കമ്മിറ്റിയില്‍ എന്തു നടന്നു എന്ന് എനിക്ക് മാധ്യമങ്ങളോട് പങ്കുവെയ്ക്കാന്‍ കഴിയില്ല. പാര്‍ട്ടിയ്ക്കകത്ത് സാധാരണ ഗതിയില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ നടന്നു. തെറ്റായ വാര്‍ത്ത നിഷേധിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തമെന്ന് പി ജയരാജന്‍ പറഞ്ഞു. 

രാജ്യത്തെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയമാണ് കണ്ണൂരിലും നടപ്പാക്കുന്നത്. അല്ലാതെ കണ്ണൂരില്‍ മാത്രമായി സിപിഎമ്മിന് പ്രത്യേക നയമില്ല. രാജ്യത്തെ സിപിഎമ്മിന്റെ ജില്ലാ ഘടകങ്ങളിലെ ഒരു ഘടകം മാത്രമാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും. തന്നെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സംഗിത ആല്‍ബം താനുമായി കണ്‍സള്‍ട്ട് ചെയ്ത് തയ്യാറാക്കിയതല്ലെന്നും പി ജയരാജന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com