"ബിംബം പേറുന്ന കഴുത" തിരിഞ്ഞുകുത്തി: വിഎസിനെതിരായ വിമര്‍ശനം ബൂമറാങ്ങായി പി ജയരാജന് നേരെ 

ഫ്‌ളക്‌സുകള്‍, സംഗീത ശില്‍പ്പം, സോഷ്യല്‍ മീഡിയ തുടങ്ങിയവയിലൂടെ ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി  സംസ്ഥാന സമിതിയില്‍ വിമര്‍ശനം
"ബിംബം പേറുന്ന കഴുത" തിരിഞ്ഞുകുത്തി: വിഎസിനെതിരായ വിമര്‍ശനം ബൂമറാങ്ങായി പി ജയരാജന് നേരെ 

തിരുവനന്തപുരം : പാര്‍ട്ടിയ്ക്ക് അതീതനാകാന്‍ ശ്രമിക്കുന്നു എന്ന് കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നേതാവാണ് പി ജയരാജന്‍. "ബിംബം പേറുന്ന കഴുത " എന്നാണ് വിഎസിനെ ജയരാജന്‍ വിശേഷിപ്പിച്ചത്. ഇത് ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പിണറായി പക്ഷത്തെ കരുത്തനായ നേതാവായ ജയരാജന്റെ വിഎസിനെതിരായ വിമര്‍ശനത്തെ എം സ്വരാജ് അടക്കമുള്ള യുവനേതാക്കളും ഏറ്റുപിടിച്ചു. എന്നാല്‍ സിപിഎം മറ്റൊരു സമ്മേളന കാലത്തേയ്ക്ക് കടന്നപ്പോള്‍, കാലത്തിന്റെ കാവ്യനീതി പോലെ ജയരാജന്റെ വിമര്‍ശനം ഇപ്പോള്‍ അദ്ദേഹത്തിന് നേര്‍ക്ക് തന്നെ തിരിഞ്ഞുകൊത്തുകയാണ്. 

സംഘടനാകാര്യങ്ങള്‍ എന്ന അജണ്ടയില്‍ അപ്രതീക്ഷിതമായാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായത്. ജയരാജന്‍ പാര്‍ട്ടിയ്ക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. നാടെങ്ങും  ഫ്‌ളക്‌സുകള്‍,
സംഗീത ശില്‍പ്പം, സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം തുടങ്ങിയവയിലൂടെ ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായും  യോഗം കുറ്റപ്പെടുത്തി. പാര്‍ട്ടി നയങ്ങളില്‍ നിന്നു മാറിയാണ് ജയരാജന്റെ പ്രവര്‍ത്തനം. ശ്രീകൃഷ്ണ ജയന്തി അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതായും സംസ്ഥാന സമിതി വിലയിരുത്തി.

സിപിഎം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പാണ് പ്രശ്‌നം പരിഗണിക്കാനും നടപടിയ്ക്കും വഴിവെച്ചത്. ശ്രീകാകുളത്തെ നക്‌സലൈറ്റുകളുടെ വേഷവിധാനങ്ങളോടെ പി ജയരാജനെ അവതരിപ്പിക്കുന്ന നൃത്തശില്‍പ്പത്തിന്റെയും ജീവിതരേഖയുടെയും തെളിവുകള്‍ സഹിതമാണ് സംസ്ഥാന സമിതിയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നത്. ജയരാജനെതിരായ പ്രമേയം അംഗീകരിച്ച സംസ്ഥാന സമിതി, നടപടി കണ്ണൂര്‍ ജില്ലയിലെ എല്ലാ പാര്‍ട്ടിഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. 

എന്നാല്‍ അപ്രതീക്ഷിത നീക്കത്തില്‍ പി ജയരാജന്‍ ആകെ ഉലഞ്ഞുപോയി. ഈ നീക്കത്തിന് പിന്നില്‍ എന്താണെന്ന് അറിയില്ല. ഇതിനു തക്ക കുറ്റം എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും വികാരഭരിതനായി ജയരാജന്‍ പറഞ്ഞു. അപമാനിതനായി ജില്ലാ സെക്രട്ടറി പദവിയില്‍ തുടരാനില്ലെന്നും പറഞ്ഞ ജയരാജന്‍ സംസ്ഥാന സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com