വിഎസിന്റെ മകന്റെ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ച്, കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

നിയമനത്തില്‍ ക്രമക്കേടില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി
വിഎസിന്റെ മകന്റെ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ച്, കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി അഡീഷനല്‍ ഡയറക്ടറായി നിയമിച്ചത് മാനദണ്ഡം പാലിച്ചാണെന്ന് വിജിലന്‍സ്. നിയമനത്തില്‍ ക്രമക്കേടില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡിയില്‍ നിയമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് രണ്ട് ആണ് അന്വേഷണം നടത്തിയത്. വേണ്ടത്ര അധ്യാപന പരിചയമില്ലെന്നത് ഉള്‍പ്പെടെ യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്നാണ് അരുണ്‍ കുമാറിന്റെ നിയമനം എന്നായിരുന്നു പരാതി. എന്നാല്‍ നിയമനത്തില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി അഡീഷനല്‍ ഡയറക്ടറായി നിയമിച്ചത്. ഇതിനെച്ചൊല്ലി ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി ഇക്കാര്യം അന്വേഷിച്ചിരുന്നു. നിയമനത്തില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്നാണ് സമിതി കണ്ടെത്തിയത്. എന്നാല്‍ സമിതിയുടെ സാങ്കേതികമായ ചില കണ്ടെത്തലുകള്‍ മാത്രമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com